തിരിമറി: മാവേലിക്കര സഹകരണബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

By Web DeskFirst Published Mar 9, 2017, 1:47 PM IST
Highlights

മാവേലിക്കര സഹകരണ ബാങ്കിലെ തഴക്കര ശാഖയില്‍ നടന്ന സമാനതകളില്ലാത്ത ക്രമക്കേടുകള്‍ ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. 28 കോടി രൂപയുടെ ക്രമക്കേട് പ്രാഥമികമായി കണ്ടെത്തി. ഇപ്പോഴും അന്വേഷണം തുടരുകയാണ്. നിലവില്‍ ക്രമക്കേടുകള്‍ വ്യക്തമാക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഭരണ സമിതിയെ പിരിച്ച് വിട്ട് കൊണ്ട് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. ഉത്തരവിറങ്ങിയതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്ററായി, ഓഫീസ് ഇന്‍സ്‌പെക്ടര്‍ കെ ജെ സുമ അമ്മാള്‍ ബാങ്കിന്റെ ഭരണ ചുമതല ഏറ്റെടുത്തു. ആറ് മാസത്തേക്കാണ് അഡ്മിനിസ്ട്രേറ്റര്‍ ഭരണം. അതിനകം തെരെഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതി അധികാരത്തില്‍ വരണം. താത്കാലിക പ്രസിഡന്റിനെ തെരഞ്ഞെടുത്ത നിലവിലത്തെ ഭരണ സമിതിയുടെ തീരുമാനം നിയമവിധേയമല്ലെന്നും ജോയിന്റ് രജിസ്ട്രാര്‍ വ്യക്താമാക്കി. സോഫ്റ്റ്‌വെയറുകളില്‍ കൃത്രിമം കാട്ടിയും, രേഖകള്‍ തിരുത്തിയും നടത്തിയ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ വിദഗ്ധ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആഭ്യന്തര വകുപ്പിന് ഒന്നര മാസം മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

click me!