എഡിഎംകെയില്‍ ലയനചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍; ദിനകരന്‍റെ നീക്കങ്ങള്‍ നിര്‍ണായകം

By Web DeskFirst Published Aug 13, 2017, 10:32 AM IST
Highlights

ചെന്നൈ: അണ്ണാ ഡിഎംകെയില്‍ ലയനചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തുമ്പോള്‍ നിര്‍ണായകമാകുന്നത് ടിടിവി ദിനകരന്റെ നീക്കങ്ങളാണ്. 
37 എംഎല്‍എമാരുടെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെ മറ്റന്നാളത്തെ പൊതുസമ്മേളനം ശക്തിപ്രകടനമാക്കാനുള്ള നീക്കത്തിലാണ് 
ദിനകരന്‍. പാര്‍ട്ടി ചുമതല ശശികല നല്‍കിയതിന് ശേഷം തിങ്കളാഴ്ച മധുരയിലെ മേലൂരില്‍ നടക്കുന്ന ടിടിവി ദിനകരന്റെ ആദ്യ പൊതുപരിപാടിയ്ക്ക് മുന്നോടിയായി തമിഴ്‌നാട്ടിലെ മാധ്യമങ്ങളിലെല്ലാം വലിയ പരസ്യപ്രചാരണമാണ്. 

ജയാ ടിവിയും നമത് എംജിആര്‍ എന്ന അണ്ണാ ഡിഎംകെ മുഖപത്രവും ഇപ്പോള്‍ ദിനകരന്‍ പക്ഷത്തിന്റെ കയ്യിലാണ്. സംസ്ഥാനഭരണത്തില്‍ കൈകടത്തി അധികാരം പിടിച്ചെടുക്കുന്ന ബിജെപിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് നമത് എംജിആറിന്റെ മുഖപ്രസംഗത്തിലുള്ളത്. എന്നാല്‍ നേരത്തേ അവകാശപ്പെട്ടിരുന്നതുപോലെ 37 എംഎല്‍എമാര്‍ ഇപ്പോള്‍ ദിനകരനൊപ്പമില്ലെന്നാണ് സൂചന. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജയിക്കുമെന്ന് ഒരുറപ്പും ഇല്ലാത്തതിനാല്‍ അധികാരം നഷ്ടപ്പെടുത്താന്‍ എംഎല്‍എമാര്‍ ആരും തയ്യാറല്ല. 

അതേസമയം, ദില്ലിയില്‍ നടന്ന ലയനചര്‍ച്ചകളില്‍ ഇപിഎസ്-ഒപിഎസ് പക്ഷങ്ങള്‍ക്ക് ഏതെല്ലാം സ്ഥാനങ്ങള്‍ വീതിച്ചുനല്‍കണമെന്ന കാര്യത്തില്‍ ഒരു അന്തിമഫോര്‍മുല ഉരുത്തിരിഞ്ഞിട്ടുമില്ല. എടപ്പാടി ചെന്നൈയിലേയ്ക്ക് മടങ്ങിയിട്ടും ദില്ലിയില്‍ തുടര്‍ന്ന ഒ പനീര്‍ശെല്‍വത്തിന് മോദിയേയോ അമിത് ഷായേയോ കാണാന്‍ അനുമതി ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് മുംബൈയിലേയ്ക്ക് പോയ ഒപിഎസ് ഷിര്‍ദി സായി ബാബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയോ അല്ലെങ്കില്‍ കര്‍ണാടകയില്‍ പര്യടനം നടത്തുന്ന അമിത്ഷായെയോ കാണാനാണ് ഒപിഎസ് പക്ഷത്തിന്റെ ശ്രമമെന്നാണ് സൂചന.

click me!