വീട്ടമ്മമാരുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

By Web DeskFirst Published Apr 2, 2018, 1:31 AM IST
Highlights
  • വീട്ടമ്മമാരുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കോഴിക്കോട്: വടകരയില്‍ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത വീഡിയോ എഡിറ്റര്‍ക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ നാളെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. വീട്ടമ്മമാര്‍ കൂട്ട പരാതി നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്.

വടകര സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്റര്‍ ബിബീഷ് ,ഫോട്ടോഗ്രാഫര്‍ സതീശന്‍, ഉടമ ദിനേശന്‍, എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലക്കും, മറ്റ് പ്രധാന ഇടങങളിലേക്കും വിവരങ്ങള്‍ കൈമാറിക്കഴിഞ്ഞു. മൂന്ന് സംഘങ്ങളായി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. 

വടകരയിലും സമീപപ്രദേശങ്ങളിലും നടന്ന വിവാഹങ്ങളില്‍ പങ്കെടുത്ത വീട്ടമ്മമാരുടെയും, പെണ്‍കുട്ടികളുകളുടെയും ചിത്രങ്ങളാണ് അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്ത്. സ്റ്റുഡിയോ റെയ്ഡ് ചെയ്തപ്പോള്‍ കസ്റ്റഡിയിലെടുത്ത ഹാര്‍ഡ് ഡിസ്കില്‍ ഇത്തരത്തിലുള്ള നാല്‍പത്തയ്യായിരത്തോളം ഫോട്ടോകള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വിദേശങ്ങളിലേക്കുള്‍പ്പെടെ ഇത്തരം ചിത്രങ്ങള്‍ പ്രതികള്‍ പ്രചരിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു. ചിത്രങ്ങള്‍ ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിച്ചതായും കരുതുന്നു. മോര്‍ഫിങ്ങുമായി ബന്ധപ്പെട്ട് നാല് മാസം മുന്‍പ് പൊലീസിന് പരാതി കിട്ടിയിരുന്നെങ്കിലും ഗൗരവമായി എടുത്തിരുന്നില്ല.

രണ്ടാഴ്ച മുന്‍പാണ് വീട്ടമ്മമാര്‍ കൂട്ടത്തോടെ പരാതി നല്‍കിയത്. ഇതോടെ പ്രതികള്‍ മുങ്ങി. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ചക്കകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!