അഗസ്റ്റവെസ്റ്റ് ലാന്റിനെച്ചൊല്ലി പാര്‍ലമെന്റില്‍ വാക്കേറ്റം

By Web DeskFirst Published Apr 27, 2016, 10:32 AM IST
Highlights

അഗസ്റ്റവെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാഗാന്ധിയുടെ പങ്കിനെ കുറിച്ച് ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ കത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ബിജെപി അംഗം സുബ്രഹ്മണ്യസ്വാമി രാജ്യസഭയില്‍ പറഞ്ഞതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങിയത്. ഭരണപക്ഷ അംഗങ്ങള്‍ക്കുനേരെ പാഞ്ഞടുത്ത കോണ്‍ഗ്രസ് അംഗങ്ങളെ പ്രതിരോധിക്കാന്‍ ബി.ജെ.പി അംഗങ്ങള്‍ കൂടി എഴുന്നേറ്റതോടെ സഭയുടെ നടുത്തളത്തില്‍ വാക്കേറ്റമായി. തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ സോണിയാഗാന്ധിയുടെ പേര് സഭാ രേഖയില്‍ നിന്ന് നീക്കുകയാണെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍ അറിയിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട ഇടപാടാണ് അഗസ്റ്റവെസ്റ്റ്ലാന്‍റെന്ന് പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതില്‍ ഭയമില്ലെന്ന് പറഞ്ഞ സോണിയാഗാന്ധി കുറ്റക്കാരിയാണെങ്കില്‍ സര്‍ക്കാര്‍ തന്നെ തൂക്കിലേറ്റട്ടേ  എന്നും പ്രതികരിച്ചു.

2010ലാണ് അഗസ്റ്റവെസ്റ്റ്ലാന്‍റ് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത്. കരാറില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് എ.കെ.ആന്‍റണി പ്രതിരോധ മന്ത്രിയായിരിക്കെ അന്വേഷണത്തിന ഉത്തരവിട്ടു. കേസിന്‍റെ രേഖകള്‍ യു.പി.എ സര്‍ക്കാര്‍ നല്‍കിയില്ലെന്ന ഇറ്റാലിയന്‍ കോടതിയുടെ പരാമര്‍ശമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ആയുധമാക്കുന്നത്.

 

click me!