എല്ലാം റെഡി... ചൊവ്വയിലും ഇനി കൃഷി തുടങ്ങാമെന്ന് നാസ

By Web DeskFirst Published Oct 9, 2016, 3:46 PM IST
Highlights

ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും എടുക്കാവുന്ന ചൊവ്വാ പര്യവേക്ഷണത്തിനിടയ്ക്ക് ശാസ്ത്രജ്ഞര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് നാസയില്‍ ചൊവ്വയിലെ കൃഷി സംബന്ധിച്ച ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. ചൊവ്വയിലെ ഏറ്റവും അടുത്ത പ്രദേശം പോലും ഭൂമിയില്‍ നിന്ന് 55 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ്. ഭൂമിയില്‍ നിന്ന് ഒരു പേടകത്തില്‍ അവിടെയെത്താന്‍ കുറഞ്ഞത് 300 ദിവസമെങ്കിലും വേണ്ടിവരും. യാത്രയ്ക്ക് മാത്രം 600 ദിവസം എടുക്കുന്ന ഒരു പര്യവേക്ഷണത്തിനിടയ്ക്ക് ഇത്രയും കാലം സാധാരണ ഭക്ഷണം കഴിക്കാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ മറികടക്കാനാകുമോയെന്നാണ് ശാസ്ത്രജ്ഞരുടെ അന്വേഷണം. നാസയുടെ കെന്നഡി സ്പേസ് സെന്ററിലേയും ഫ്ലോറിഡയിലെ ടെക് ബസ് ആല്‍ഡ്രിന്‍ സ്പേസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ശാസ്ത്രജ്ഞരാണ് കൃഷി സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതിനോടകം നടന്ന പര്യവേക്ഷണങ്ങളില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചൊവ്വയിലേതിന് സമാനമായ മണ്ണ് കൃത്രിമമായി ഉണ്ടാക്കിയാണ് അതില്‍ വിത്ത് മുളപ്പിക്കാന്‍ ശ്രമിച്ചത്. ഹവായ് ദ്വീപില്‍ നിന്ന് അഗ്നി പര്‍വ്വത സ്ഫോടനങ്ങളില്‍ പുറത്തേക്ക് തെറിച്ച ലാവ തണുത്തുറഞ്ഞുണ്ടായ മണ്ണും ഇതിനായി ഉപയോഗിച്ചു. കൃത്രിമ മണ്ണില്‍ ചീരവിത്തുകളാണ് പാകിയത്. മൂന്ന് സാമ്പിളുകള്‍ ശാസ്ത്രജ്ഞര്‍ തയ്യാറാക്കി. ഒരെണ്ണത്തില്‍ കൃത്രിമ മണ്ണ് മാത്രം ഉപയോഗിച്ചു. മറ്റൊന്നില്‍ മണ്ണിനൊപ്പം ആവശ്യമായ പോഷക ഘടകങ്ങളും ചേര്‍ത്തു. മൂന്നാമത്തെ സാമ്പിളില്‍ സാധാരണ മണ്ണ് ഉപയോഗിച്ചും വിത്ത് മുളപ്പിച്ചു. 

കൃത്രിമ മണ്ണ് മാത്രമുപയോഗിച്ച് സാമ്പിളിലും വിത്ത് മുളച്ചതായി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. പക്ഷേ മറ്റുള്ളവരെ അപേക്ഷിച്ച് വളര്‍ച്ച വളരെ സാവധാനത്തിലായിരുന്നു. വേരുകള്‍ക്കും തണ്ടിനും ബലക്കുറവ് ഉണ്ടായിരുന്നെങ്കിലും വളര്‍ന്നു കഴിഞ്ഞപ്പോള്‍ ഇവയ്ക്ക് സാധാരണ ചീരയുടെ രുചി തന്നെ കൈവന്നിരുന്നെന്ന് ഇവര്‍ക്ക് കണ്ടെത്താനായി. ഇതോടെ പോഷക ഘടകങ്ങള്‍ ഉപയോഗിക്കാതെ തന്നെ ചൊവ്വയില്‍ കൃഷി തുടങ്ങാനാവുമെന്ന സൂചനകളാണ് ഇത് നല്‍കുന്നതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. തക്കാളിയും കാബേജും അടക്കമുള്ള കൂടുതല്‍ പച്ചക്കറികളില്‍ പുതിയ പരീക്ഷണം ആവര്‍ത്തിക്കാനൊരുങ്ങുകയാണ് സംഘം. ഇതും വിജയിക്കുമെങ്കില്‍ ഭാവിയില്‍ ചൊവ്വയില്‍ ഇറങ്ങിയേക്കാവുന്ന മനുഷ്യന് തീരെ ആശങ്കപ്പെടേണ്ടതില്ലാത്തത് ഭക്ഷണത്തെക്കുറിച്ചാവും.

click me!