ഓണത്തിനൊരു മുറം പച്ചക്കറി; ഒരു കോടി വിത്തുപായ്ക്കറ്റുകളും പച്ചക്കറികളുമായി കൃഷിവകുപ്പ്

By Web DeskFirst Published Jun 2, 2018, 4:44 PM IST
Highlights
  • ഓണത്തിനൊരു മുറം പച്ചക്കറി
  • ഒരു കോടി വിത്തുപാക്ക്റ്റുകളും രണ്ടു കോടി പച്ചക്കറിതൈകളും
  • പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്

കോഴിക്കോട്:  "ഓണത്തിനൊരുമുറം പച്ചക്കറി' എന്ന വിജയകരമായ പദ്ധതി ഈ വർഷവും നടത്താനൊരുങ്ങി കൃഷിവകുപ്പ്‌. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പില്‍ നിന്നും തന്നെ ലഭ്യമാക്കാന്‍ ഉദ്ദേശിച്ച് നടപ്പിലാക്കുന്ന പദ്ധതിക്കു മുന്നൊരുക്കമായി വിവിധ ഇനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ ഒരു കോടി പച്ചക്കറി വിത്ത് പാക്കറ്റുകള്‍ വിദ്യാർഥികള്‍ക്കും, കര്‍ഷകര്‍ക്കുമായി വിതരണം ചെയ്യും. ജൂണ്‍ 5 പരിസ്ഥിതിദിനത്തിനു തന്നെ എല്ലാ സ്കൂളുകളിലും പച്ചക്കറിവിത്തുകള്‍ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. കൂടാതെ രണ്ട് കോടി പച്ചക്കറി തൈകള്‍ കര്‍ഷകര്‍ക്കു സൗജന്യമായി നല്‍കുന്നതാണ്. പച്ചക്കറികള്‍ നട്ടുപിടിപ്പിച്ച 25 ഗ്രോബാഗുകള്‍ അടങ്ങിയ 42,000 ഗ്രോബാഗ് യൂണിറ്റുകളാണ് നഗരപ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നത്. 

സംസ്ഥാനത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിവകുപ്പ് നടപ്പിലാക്കുന്ന സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 67858 ഹെക്റ്റര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുകയും ഇതില്‍ നിന്നും ആകെ 10.12 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 21280 ഹെക്റ്ററില്‍ കൃഷി വർധിപ്പിക്കുകയും 3.82 ലക്ഷം ടണ്‍ പച്ചക്കറി അധികമായി ഉത്പാദിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ട്. 2018-19 വര്‍ഷം 80 കോടി രൂപയാണ് പച്ചക്കറി കൃഷിക്ക് ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുളളത്. സ്കൂള്‍ വിദ്യാർഥികള്‍, വീട്ടമ്മമാര്‍, സന്നദ്ധസംഘടനകളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ഈ പദ്ധതിയിൽ പങ്കാളികളാകും. 

വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 15 കര്‍ഷകര്‍ അടങ്ങുന്ന ക്ലസ്റ്ററുകള്‍ കൃഷിഭവന്‍ തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്. 15000/- രൂപ ഹെക്റ്ററിന് എന്ന നിരക്കില്‍ ഇവര്‍ക്ക് ധനസഹായം നല്‍കും. തരിശു സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനായി 30,000 രൂപയാണ് ഹെക്റ്ററിന് ധനസഹായം. വേനല്‍കാലത്തും മഴക്കാലത്തും വിളകളെ സംരക്ഷിച്ച് പച്ചക്കറി കൃഷിചെയ്യുന്നതിനായി രൂപകല്പന ചെയ്തിട്ടുളള നൂതന രീതിയായ മഴമറ കൃഷിയിലൂടെ വര്‍ഷത്തിലുടനീളം പച്ചക്കറി സാധ്യമാക്കുന്നതിനും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും കഴിയും. 100 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലുളള മഴമറയ്ക്ക് പരമാവധി 50,000 രൂപ വരെ ധനസഹായം നല്‍കും. 

പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കുറഞ്ഞ ചെലവില്‍ കണിക ജലസേചനം നടത്തുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഫാമിലി ഗ്രിപ്പ് ഇറിഗേഷന്‍ സിസ്റ്റം. ഈ വര്‍ഷവും തുടരും. ബഹുവര്‍ഷ പച്ചക്കറികളായ അഗത്തി, മുരിങ്ങ, കറിവേപ്പില, പപ്പായ എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പച്ചക്കറി തൈകള്‍ അടങ്ങിയ കിറ്റുകള്‍ ഒരു കിറ്റിന് 100 /- രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.

കുറഞ്ഞ സ്ഥലത്ത് പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്പന ചെയ്തിട്ടുളളതാണ് മിനിപോളിഹൗസുകള്‍. 10 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള പോളീഹൗസിന് യൂണിറ്റ് ഒന്നിന് 45,000 രൂപയും 20 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുളള പോളീഹൗസിന് യൂണിറ്റ് ഒന്നിന് 60,000 രൂപയുമാണ് ധനസഹായം. വേനല്‍ കാലത്തും, മഴക്കാലത്തും വര്‍ഷത്തിലുടനീളം പച്ചക്കറി കൃഷി സാധ്യമാക്കാനും കാലാവസ്ഥ അനുകൂലമാക്കി. ഉത്പാദനം വർധിപ്പിക്കാനും പോളീഹൗസ് കൃഷി മുഖാന്തിരം സാധിക്കും. 

പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുവാനായി പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞവര്‍ഷം ആരംഭിച്ച ഒരു ചെലവുകുറഞ്ഞ മാര്‍ഗമാണ് ഊര്‍ജ രഹിത ശീതികരണ യൂണിറ്റുകള്‍. ഊര്‍ജ രഹിത ശീതീകരണ യൂണിറ്റ് നിര്‍മ്മിക്കുന്നതിനായി 15000 രൂപ (ഒരു യൂണിറ്റ്) ധനസഹായം നല്‍കും. പുറത്തെ താപനിലയേക്കാള്‍ 10 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് താപനില നിലനിര്‍ത്തുന്ന രീതിയില്‍ നിർമിച്ച ശീതീകരണ യൂണിറ്റില്‍ ഒരാഴ്ച വരെ പച്ചക്കറികള്‍ കേടുകൂടാതെ സംരക്ഷിക്കാനാകും. 

ക്ലസ്റ്ററുകള്‍ മുഖേനയുളള ചെറുകിട മൂല്യവർധിത യൂണിറ്റുകളുടെ പ്രോത്സാഹനം മറ്റൊരു ആകര്‍ഷകഘടകമാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കുന്നതോടൊപ്പം യുവതലമുറയെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുകയും, അധികമുളള ഉത്പാദനം മൂലമുളള വില തകര്‍ച്ച പിടിച്ചു നിര്‍ത്താനും പച്ചക്കറി വിപണനത്തില്‍ ഇടനിലക്കാരെ ഒഴിവാക്കുന്നതിനും കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനും ഇത്തരം യൂണിറ്റുകള്‍ സഹായകരമാകുമെന്ന് കൃഷി വകുപ്പിന്‍റെ കണക്കുകൂട്ടൽ.

click me!