ഹെലിക്കോപ്റ്റര്‍ ഇടപാട്: അന്വേഷണം നിഗൂഢ വനിതയിലേക്ക്

By Web DeskFirst Published May 7, 2016, 3:27 PM IST
Highlights

ഇടപാടിലെ ഒരു മുഖ്യ കണ്ണിയാണ് ഈ 31കാരിയെന്ന് അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അനധികൃതമായി സമ്പാദിച്ചിരുന്ന പണം നിക്ഷേപിച്ച് മിഷേല്‍ ആരംഭിച്ച ബീറ്റല്‍ നട്ട് ഹോം ലിമിറ്റഡ് എന്ന കമ്പനിയിലെ ഡയറക്ടറായിരുന്നു ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഡെന്‍മാര്‍ക്കുകാരിയായ ക്രിസ്റ്റീന്‍ സ്പ്ലിഡ്. 

ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ക്രിസ്റ്റീന്‍ ഇന്ത്യയിലേക്ക് നിരവധി യാത്രകള്‍ നടത്തിയതായും മിഷേലിനുവേണ്ടി കേസിലെ പ്രധാനപ്രതികളുമായി കൂടിക്കാഴ്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇടനിലക്കാരനായ അഭിഭാഷകന്‍ ഗൗതം ഖേതാനുമൊത്ത് ഇന്ത്യയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഇവര്‍ യാത്ര നടത്തിയിരുന്നു.

ഇവരുടെ യാത്രവിവരങ്ങള്‍

 

 

ഫെബ്രുവരി 2010- ഇവര്‍ ഇന്ത്യയില്‍ എത്തുന്നു

ഫെബ്രുവരി 8 2010- അഗസ്ത വെസ്റ്റ്ലാന്‍റ് കരാര്‍ ഓപ്പുവയ്ക്കുന്നു

ഫെബ്രുവരി 15 2010 ഇവര്‍ ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് പറന്ന് ക്രിസ്റ്റ്യന്‍ മൈക്കിളുമായി കണ്ടുമുട്ടുന്നു

ഫെബ്രുവരി 24 2010-  സ്പ്ലിഡ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു.

ഒക്ടോബര്‍ 2012 - ഇറ്റാലിയന്‍ സര്‍ക്കാര്‍ കരാറിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങുന്നു

ഡിസംബര്‍ 30, 2012-  സ്പ്ലിഡ് വീണ്ടും ഇന്ത്യയിലെത്തി കരാറുമായി ബന്ധപ്പെട്ടവരെ കാണുന്നു

ജനുവരി 2013- ദുബായില്‍ എത്തി ക്രിസ്റ്റ്യന്‍ മൈക്കിളുമായി ചര്‍ച്ച നടത്തുന്നു

സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുള്ള, എയ്റോ മാട്രിക്സ് എന്ന കമ്പനിയുടെ മുന്‍ ബോര്‍ഡ് അംഗമായ ഗൗതം ഖേതാന്‍, ഗൈഡോ ഹാഷ്കെ ആന്‍ഡ് കാര്‍ലോ ജറോസ എന്ന കമ്പനിയില്‍ നിന്ന് ഇടനിലക്കാരനായി പണം കൈപ്പറ്റിയെന്ന് നേരത്തെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്റ്റീനു വേണ്ടി യു.കെ. അധികൃതരെ സമീപിക്കാനാണ് സിബിഐ ഒരുങ്ങുന്നത്. അവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെടും.

ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള 3600 കോടിരൂപയുടെ കച്ചവടക്കരാറില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. യു.പി.എ. സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ഈ ഇടപാടില്‍ നിരവധി രാഷ്ട്രീയക്കാരും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും കുറ്റാരോപിതരാണ്.

click me!