
അഹമ്മദാബാദ്: രാഷ്ട്രീയ മലക്കംമറിച്ചിലുകള്‍ അരങ്ങുവാഴുന്ന ഗുജറാത്ത് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിന്റെ അന്ത്യശാസനം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ സമുദായത്തിന്റെ സംവരണ കാര്യത്തില്‍ കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് പരസ്യനിലപാട് പ്രഖ്യാപിക്കണമെന്ന് ഹര്‍ദിക് ആവശ്യപ്പെട്ടു.
നവംബര്‍ മൂന്നിനുള്ളില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ സൂറത്തില്‍ അമിത്ഷായുടെ റാലിയില്‍ വിധിയെ നേരിടേണ്ടി വരുമെന്നും ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. നേരത്തെ പട്ടേല്‍ സമുദായ നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സൂറത്തില്‍ എത്താനിരിക്കുന്ന സാഹചര്യത്തിലാണ് ഹര്‍ദിക് പട്ടേല്‍ നിലപാട് വ്യക്തമാക്കിയിക്കുന്നത്.
സൂറത്തില്‍ നടക്കുന്ന റാലിയില്‍ ഹര്‍ദിക് പട്ടേലും രാഹുലും വേദി പങ്കിടാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സംവരണം സംബന്ധിച്ച് കൃത്യമായ നിലപാടിലെത്താതെ പാര്‍ട്ടിയുമായി സഹകരിക്കേണ്ടെന്ന നിലപാടിലാണ് പട്ടേല്‍. അതേസമയം അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന് പട്ടേല്‍ സമുദായത്തിന്റെ നിലപാട് നിര്‍ണായകമാകും. ഗുജറാത്തില്‍ അധികാരം ന്ഷ്ടപ്പെട്ടാല്‍ ബി.ജെ.പിക്ക് ദേശീയ തലത്തില്‍ അത് കനത്ത തിരിച്ചടിയാകുമെന്ന തിരച്ചറിവാണ് പട്ടേല്‍ സമുദായത്തെ കൂടെ നിര്‍ത്താന്‍ ബിജെപിയെ നിര്‍ബന്ധിതമാക്കുന്നത്.