നേതൃമാറ്റം: എഐഡിഎം.കെ എംഎല്‍എമാര്‍  അടിയന്തരയോഗം  ചേരുന്നു

By Web DeskFirst Published Feb 4, 2017, 6:24 PM IST
Highlights

അജണ്ടകള്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും ജല്ലിക്കട്ട് പ്രക്ഷോഭമുള്‍പ്പടെ കൈകാര്യം ചെയ്യുന്നതില്‍ ഭരണകക്ഷിയ്‌ക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയ്ക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ ഭരണപ്രതിസന്ധിയായിരുന്നു ജല്ലിക്കട്ടിനുവേണ്ടി ഉയര്‍ന്നു വന്ന ജനകീയപ്രക്ഷോഭം. ജല്ലിക്കട്ടിനുമപ്പുറം കാര്‍ഷിക ആത്മഹത്യകളും വരള്‍ച്ചയുമുള്‍പ്പടെ തമിഴ്‌നാട്ടിലെ സാധാരണക്കാരെ നേരിട്ട് ബാധിച്ച പ്രശ്‌നങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കാണിച്ച അലംഭാവത്തിനെതിരെയുള്ള പ്രതിഷേധമാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. സാധാരണക്കാര്‍ക്കിടയില്‍ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എമാരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ അണ്ണാ ഡിഎംകെ തീരുമാനിയ്ക്കുന്നത്. 

ജയലളിതയുടെ വിശ്വസ്തരായിരുന്ന മുന്‍ ചീഫ് സെക്രട്ടറിയും മലയാളിയുമായ ഷീലാ ബാലകൃഷ്ണനുള്‍പ്പടെ മൂന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് സ്ഥാനമൊഴിയാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതോടെ സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ശശികലയുടെ ഭര്‍ത്താവ് നടരാജന് അടുത്ത ബന്ധമുള്ള ഐഎഎസ് ഉദ്യോഗസ്ഥരാകും പകരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പകരം ചുമതലകള്‍ ഏറ്റെടുക്കുകയെന്നും കരുതപ്പെടുന്നു. 

ഈ സാഹചര്യത്തില്‍ ശശികല നടരാജന് മുഖ്യമന്ത്രിപദം കൈമാറി ഒ പനീര്‍ശെല്‍വം സ്ഥാനമൊഴിയുമോ അതോ ഭരണപരമായ വെല്ലുവിളികള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തില്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കാനാണോ യോഗം വിളിച്ചിരിയ്ക്കുന്നതെന്ന കാര്യം നിര്‍ണായകമാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ വിധി വരാനിരിയ്ക്കുകയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംപിമാര്‍ എതിര്‍പ്പുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശശികലയ്ക്ക് മേല്‍ മുഖ്യമന്ത്രിപദമേറ്റെടുക്കാനുള്ള സമ്മര്‍ദ്ദവുമുണ്ട്. 

click me!