രണ്ടില ചിഹ്നം പളനിസ്വാമിക്ക്; ശശികലയുടെ അവകാശവാദം കമ്മീഷന്‍ തളളി

By Web DeskFirst Published Nov 23, 2017, 1:04 PM IST
Highlights

അണ്ണാ ഡിഎംകെയിലെ രണ്ടില ചിഹ്നം പളനി സ്വാമി-ഒ പനീര്‍ ശെല്‍വം വിഭാഗത്തിന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. രണ്ടില ചിഹ്നത്തിനായുള്ള ശശികല-ടി ടി വി ദിനകരന്‍ പക്ഷത്തിന്റെ അവകാശവാദമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയിലുണ്ടായ പിളര്‍പ്പാണ് രണ്ടില ചിഹ്നത്തിന്റെ അവകാശത്തര്‍ക്കത്തിലെത്തിയത്.

പനീര്‍ ശെല്‍വം-ശശികല വിഭാഗങ്ങള്‍ തമ്മിലായിരുന്നു ആദ്യ തര്‍ക്കം. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച പനീര്‍ ശെല്‍വം-പളനി സ്വാമി വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ തര്‍ക്കം ശശികല വിഭാഗവും- ഒപിഎസ്-ഇപിഎസ് പക്ഷവും തമ്മിലായി. ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടില ചിഹ്നത്തിന് അവകാശവാദവുമായി  ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി. അതിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഉപയോഗിച്ചുവെന്ന കണ്ടെത്തലില്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുകയും രണ്ടില ചിഹ്നം മരവിപ്പിക്കുകയും ചെയ്തു.

രണ്ടിലചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചതിന് ടിടിവി ദിനകരന്‍ അറസ്റ്റിലാകുകയും ചെയ്തു. ഒടുവില്‍  ഇരു വിഭാഗത്തിന്‍റേയും വാദം കേള്‍ക്കുകയും സത്യവാങ്മൂലം പരിശോധിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒപിഎസ്-ഇ-പിഎസ് പക്ഷത്തിന് ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണയെന്ന് കണ്ടെത്തി തീര്‍പ്പ് കല്‍പ്പിച്ചു. ഇതോടെ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒപിഎസ്-ഇപിഎസ് വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാകും.  

 

click me!