
ദില്ലി/ബെന്‍ഗുറിയോന്‍: നൂറ്റാണ്ടുകള്‍ നീണ്ടു കിടക്കുന്ന അറബ്-ജൂത പോരാട്ട ചരിത്രത്തില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യയുടെ എയര്‍ഇന്ത്യ. ഇസ്രയേലുമായി നയതന്ത്രബന്ധം പോലുമില്ലാത്ത സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ പറന്ന് എയര്‍ഇന്ത്യയുടെ വിമാനം വ്യാഴാഴ്ച്ച രാവിലെ ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. എഴുപത് വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇസ്രയേലിലേക്കുള്ള ഒരു യാത്രാവിമാനത്തിന് സഞ്ചരിക്കാന്‍ സൗദി തങ്ങളുടെ വ്യോമപാത തുറന്ന് കൊടുക്കുന്നത്.
രണ്ട് വര്‍ഷം നീണ്ട തുടര്‍ച്ചയായ ചര്‍ച്ചകളുടെ ഫലമാണ് വ്യോമപാത തുറക്കുന്നതിലേക്ക് വഴിവച്ചതെന്ന് ഇസ്രയേല്‍ ടൂറിസം മന്ത്രി പ്രതികരിച്ചു. അതേസമയം എയര്‍ഇന്ത്യ വിമാനം തങ്ങളുടെ വ്യോമപാത വഴി കടന്നു പോയതിനെപ്പറ്റി സൗദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എയര്‍ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ദില്ലിയില്‍ നിന്നും ഏഴര മണിക്കൂര്‍ സഞ്ചരിച്ചാണ് ടെല്‍ അവീവിലെത്തിയത്. വ്യാഴാഴ്ച്ച വൈകിട്ട് 4.45-ഓടെ സൗദി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച വിമാനം 40,000 അടി ഉയരത്തില്‍ മൂന്ന് മണിക്കൂറോളം സൗദിയിലൂട സഞ്ചരിച്ചു. തുടര്‍ന്ന് ജോര്‍ദാനും വെസ്റ്റ് ബാങ്കും താണ്ടി ടെല്‍ അവീവിലെത്തി. യാത്രാമധ്യേ റിയാദിന് 60 കി.മീ അകലെ കൂടിയും വിമാനം കടന്നുപോയിരുന്നു. ദില്ലിയില്‍ നിന്നും മുംബൈ വഴി അറബിക്കടലില്‍ കടന്ന വിമാനം ഒമാന്റെ മുകളിലൂടെ പറന്നാണ് സൗദിയിലേക്ക് പ്രവേശിച്ചത്.
ഇറാനെ നേരിടാന്‍ സൗദിയും ഇസ്രയേലും തമ്മില്‍ സഹകരിക്കാന്‍ സാധ്യതയുണ്ടെന്ന് വളരെക്കാലമായി പശ്ചാത്യനിരീക്ഷകര്‍ പ്രവചിക്കുന്നുണ്ട്. അതിലേക്കുള്ള ആദ്യപടിയായിട്ടാണ് ടെല്‍അവീവിലേക്കുള്ള യാത്രവിമാനത്തിന് തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നു കൊടുത്ത സൗദിയുടെ നടപടി വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam