
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതി പിന്‍വലിച്ച വിദ്യാര്‍ത്ഥി നേതാവ് വിവേകിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന നേതൃത്വം രംഗത്ത്. വിവേകിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. എന്നാല്‍, താന്‍ എ.ഐ.എസ്.എഫ് നേതാവല്ല പ്രവര്‍ത്തകന്‍ മാത്രമാണെന്നും പരാതി പിന്‍വലിക്കുന്നത് ഏറെ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും വിവേക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പരാതി പിന്‍വലിച്ച തീരുമാനത്തിനെതിരെ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
ലോ അക്കാദമി സമരത്തില്‍ പ്രതിഷേധം ആളിക്കത്തിച്ച സംഭവങ്ങളിലൊന്നായിരുന്നു വിവേക് വിജയഗിരി എന്ന നേതാവിന്റെ പരാതി. 1989ലെ പട്ടികജാതി പട്ടിക വര്‍ഗ നിയമപ്രകാരം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പ്രതിചേര്‍ത്ത് പേരൂര്‍ക്കട പൊലീസ് കേസെടുക്കുകയും ചെയ്തു. വന്‍ വിവാദങ്ങള്‍ക്കിടയാക്കിയ പരാതി ആരോടും ആലോചിക്കാതെ വിവേക് പിന്‍വലിച്ചതിന്റെ ഞെട്ടലിലാണ് എ.ഐ.എസ്.എഫ് സംസ്ഥാന നേതൃത്വം. വിവേകിനോട് വിശദീകരണം തേടുമെന്ന് സംസ്ഥാന സെക്രട്ടറി സുബേഷ് പറഞ്ഞു. എന്നാല്‍ പരാതി പിന്‍വലിച്ചത് തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നാണ് വിവേക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പരാതി നല്‍കിയതിന് ശേഷം താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കേസില്‍ സാക്ഷിമൊഴി നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ അസൗകര്യവും ക്യാമ്പസിലെ മറ്റ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും മാനിച്ചാണ് പരാതി പിന്‍വലിക്കുന്നതെന്നും വിവേക് പറയുന്നു.
എന്നാല്‍ അക്കാദമയില്‍ സമരം നയിച്ച വിദ്യാര്‍ത്ഥി ഐക്യവേദിയുമായോ ക്യാമ്പസിലെ സുഹൃത്തുക്കളുമായോ ആലോചിക്കാതെയുള്ള തീരുമാനം ആശങ്കകള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഹര്‍ജി തീര്‍പ്പായതോടെ സമരം ചെയ്ത വിദ്യാര്‍ത്ഥി സംഘടനകളും പിന്തുണ നല്‍കിയ പാര്‍ട്ടി ഘടകകങ്ങളും പ്രതിരോധത്തിലായി. വേനലവധിക്ക് കഴിഞ്ഞ് ജൂണ്‍ 5ന് ക്ലാസുകള്‍ തുടങ്ങിയ ശേഷം സമര രംഗത്തുണ്ടായിരുന്ന ഹോസ്റ്റലിലെ പെണ്‍കുട്ടികളും വിദ്യാര്‍ത്ഥി ഐക്യവേദിയിലെ മറ്റ് സംഘടനകളും വിഷയത്തെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam