ബി.ജെപിക്കെതിരായ കോണ്‍ഗ്രസ്-ഇടത് ഐക്യത്തിന് തടസ്സം കേരളത്തിലെ സി.പി.എം നേതാക്കളെന്ന് ആന്റണി

By Web DeskFirst Published May 25, 2017, 4:55 PM IST
Highlights

ബി.ജെ.പിക്കെതിരായ കോണ്‍ഗ്രസ്-ഇടത് ഐക്യത്തിന് തടസ്സം നില്ക്കുന്നത് കേരളത്തിലെ സി.പി.എം നേതാക്കളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെആന്‍റണി. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ സി.പി.എം കേരള ഘടകം തയ്യാറാവണമെന്നും കോടിയേരി ബാലകൃഷ്ണനും പിണറായിക്കും ഒരിക്കല്‍ ഈ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും എ.കെ ആ‍ന്‍റണി ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കേരളത്തിലെ സി.പി.എം നേതാക്കള്‍ കേരളത്തെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. ചെകുത്താനെയും കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ തോല്‍പ്പിക്കുമെന്ന, ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് മാറാന്‍ നേതാക്കള്‍ തയ്യാറാവുന്നില്ല. അത് എത്രനാള്‍ സാധിക്കുമെന്ന് തനിക്ക് അറിയില്ല. ദേശീയ തലത്തില്‍ പൊതു ശത്രുവിനെ നേരുടുമ്പോള്‍ പ്രാദേശിക തര്‍ക്കങ്ങള്‍ അതിന് തടസ്സമായി നില്‍ക്കരുതെന്നും എ.കെ ആന്‍‍റണി ചൂണ്ടിക്കാട്ടി. സി.പി.എം ബംഗാ‍ള്‍ ഘടകം ക്ഷയിച്ചതോടെ കേരള ഘടകത്തിനാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ വന്‍ സ്വാധീനമുള്ളുത്. ഇതാണ് ഐക്യത്തിന് തടസ്സമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ഒരു സ്ഥാനാര്‍ഥി മാത്രമേ ഉണ്ടാകൂ എന്നും ആന്റണി വ്യക്തമാക്കി.

അതേസമയം കോൺഗ്രസുമൊത്തുള്ള സഖ്യത്തിന്  ഉദ്ദേശിച്ചിട്ടില്ലെന്ന് എ.കെ ആന്റണിക്ക് മറുപടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അത് ആന്റണിയുടെ ദിവാസ്വപ്നം മാത്രമാണ്. ആർ.എസ്.എസിനെ നേരിടാന്‍ കോൺഗ്രസ് വിശ്വസനീയമായ പാർട്ടിയല്ല. എന്നാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരായി ഒരു പൊതു സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാന്‍ സി.പി.എം തയ്യാറാണെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന് അന്ധമായ സി.പി.എം വിരോധം മാത്രമാണുള്ളതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

click me!