
ഹരിപ്പാട്: റോഡിൽ കിടന്ന് കിട്ടിയ പണവും സ്വർണ്ണവും ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃകയായി യുവാക്കൾ. ഞായറാഴ്ച രാത്രിഒന്‍പത് മണിയോടെ കാർത്തികപ്പള്ളി ജംഗ്ഷന് കിഴക്ക് തൃക്കുന്നപ്പുഴ- മാവേലിക്കര റോഡിൽ കിടന്നാണ് നങ്ങ്യാർകുളങ്ങര മണ്ണാംപറമ്പിൽ പടീറ്റതിൽ സുഭാഷിന്റെ മകൻ സുജിത്ത്, മണ്ണാംപറമ്പിൽ തെക്കതിൽ ഷംസുദ്ദീന്റെ മകൻ ഷിഹാസ്, ആനന്ദഭവനത്തിൽ ആനന്ദന്റെ മകൻ അഭിലാഷ് എന്നിവർക്കാണ് നാലര ലക്ഷം രൂപയും പതിനഞ്ച് പവൻ സ്വർണ്ണവുമടങ്ങിയ ബാഗ് കിട്ടിയത്.
മൊബൈൽ ഫോൺ, അധാർ കാർഡ്, പാൻകാർഡ്, ഫോട്ടോകൾ എന്നിവയും ബാഗിലുണ്ടായിരുന്നു. സ്വർണ്ണവും പണവുമടങ്ങിയ ബാഗ് കണ്ട് മൂവരും ആദ്യമൊന്നമ്പരന്നെങ്കിലും സമചിത്തത കൈവിടാതെ ആധാർ കാർഡിനോടൊപ്പമുണ്ടായിരുന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെട്ടപ്പോൾ പള്ളിപ്പാട് അരണപ്പുറം കള്ള് ഷാപ്പ് മാനേജർ തൃക്കുന്നപ്പുഴ പുത്തൻപറമ്പിൽ ശിവദാസന്‍റേതാണ് പണവും സ്വർണ്ണവുമടങ്ങിയ ബാഗെന്ന് മനസ്സിലായത്.
ശിവദാസന്‍ ഷാപ്പ് അടച്ച് വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴി മുൻ വശത്ത് സൂക്ഷിച്ചിരുന്ന ബാഗ് തെറിച്ചു പോയത് അറിഞ്ഞിരുന്നില്ല. സുജിത്തും കൂട്ടുകാരും വിളിക്കുമ്പോൾ ശിവദാസൻ മഹാദേവികാട് പുളിക്കീഴ് പെട്രോൾ പമ്പിൽ ബൈക്കിന് പെട്രോൾ നിറച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവർ വിളിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശിവദാസനറിഞ്ഞത്. വിവരമറിഞ്ഞ് കാർത്തികപ്പള്ളി ജംഗ്ഷനിൽ തിരികെയെത്തിയ ശിവദാസനെ പണവും സ്വർണ്ണവുമടങ്ങിയ ബാഗ് തിരിച്ചേൽപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam