ബ്രക്സിറ്റ് വോട്ടെടുപ്പിലും അനധികൃത ഇടപെടൽ നടന്നെന്ന് ആരോപണം

By Web DeskFirst Published Mar 26, 2018, 7:13 AM IST
Highlights

അമേരിക്കൻ തെരഞ്ഞെടുപ്പിൽ  കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപെടൽ നടന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ബ്രക്സിറ്റ് വോട്ടെടുപ്പിലും സംശയത്തിന്റെ നിഴൽ വീഴുന്നത്.

ലണ്ടന്‍: ബ്രക്സിറ്റ് വോട്ടെടുപ്പിൽ അനധികൃത ഇടപെടൽ നടന്നെന്ന് ബ്രിട്ടിഷ് വാർത്താ ചാനൽ. ബ്രക്സിറ്റിനായി പ്രവർത്തിച്ച ഔദ്യോഗികസംഘടനക്ക്, വിവരം ചോർത്തൽ വിവാദത്തിൽ കുടുങ്ങിയ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ആരോപണം നിഷേധിച്ച് സംഘടനയുടെ അഭിഭാഷകർ രംഗത്തെത്തി.

ഷമീർ സാനി എന്ന വളണ്ടിയറാണ് ചാനൽ-4ന് നൽകിയ അഭിമുഖത്തിൽ ആരോപണവുമായി രംഗത്തെത്തിയത്. വോട്ട് ലീവ് എന്ന സംഘടന അനുവദിച്ചതിലധികം പണം ബ്രെക്സിറ്റ് പ്രചാരണത്തിനായി ഉപയോഗിച്ചു. കനേഡിയൻ കമ്പനിയായ അഗ്രഗേറ്റ് ഐ ക്യൂ ആണ് വോട്ട ലീവിനായി പ്രവർത്തിച്ചതെന്നും ഈ സംഘടനയക്ക് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്നും ഷമീർ പറഞ്ഞു. 6,25,000ലധികം യൂറോ ബീ ലീവ് എന്ന സംഘടനയ്ക്കായി വക മാറ്റി ചിലവഴിച്ചെന്നും ഇയാൾ ആരോപിക്കുന്നുണ്ട്.

എന്നാൽ ആരോപണം നിഷേധിച്ച് വോട്ട് ലീവിന്റെ അഭിഭാഷകർ രംഗത്തെത്തി. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി തങ്ങൾക്കൊരു ബന്ധവുമില്ല. വോട്ട് ലീവിന്റെയും ബി ലീവിന്റെയും കണക്കുകൾ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ടെന്നവും  അവർ വ്യക്തമാക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്റ്റീഫൻ പാർക്കറും ആരോപണങ്ങൾ തള്ളി. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെത്തന്നെ പരിശോധിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ തെരഞ്ഞെടുപ്പിൽ  കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇടപെടൽ നടന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ബ്രക്സിറ്റ് വോട്ടെടുപ്പിലും സംശയത്തിന്റെ നിഴൽ വീഴുന്നത്.

click me!