എടവണ്ണ മനാഫ് വധം: പി.വി അൻവറിന്‍റെ സഹോദരീപുത്രന്‍മാരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം

By Web DeskFirst Published Jul 17, 2018, 3:41 PM IST
Highlights
  • പ്രതികള്‍ പി.വി. അന്‍വറിന്‍റെ ബന്ധുക്കള്‍
  • പ്രതികള്‍ വര്‍ഷങ്ങളായി വിദേശത്ത്
  • ലുക്കൗട്ട് നോട്ടീസ് പോലും ഇറക്കാതെ പൊലീസ്
  • ഫോട്ടോ കിട്ടിയില്ലെന്ന് പൊലീസിന്‍റെ വാദം

മലപ്പുറം: എടവണ്ണ മനാഫ് വധക്കേസിൽ പി.വി. അൻവർ എംഎല്‍എയുടെ സഹോദരീപുത്രന്‍മാരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആക്ഷേപം. വിദേശത്തായതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ട്. എന്നാൽ ഇവരെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടുമില്ല.

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന നിലമ്പൂര്‍ എടവണ്ണ സ്വദേശി മനാഫ് കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് പി.വി.അന്‍വറിന്‍റെ സഹോദരി പുത്രന്മാരായ ഷെഫീഖും ഷെരീഫും. ഇവരുടെ സുഹൃത്തുക്കളായ കബിറും മുനീറും കേസില്‍ പ്രതികളാണ്. ഇവര്‍ക്കെതിരായ അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് മഞ്ചേരി ജുഡീഷ്യല് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഷെഫീഖും ഷെരീഫും കബീറും അറസ്റ്റ് ഭയന്ന് വര്‍ഷങ്ങളായി വിദേശത്താണെന്നാണ് എസ്.പി. പ്രതീഷ് കുമാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ നാട്ടിലെത്തിയാല്‍ അറിയിക്കാന്‍ വിശ്വസ്ഥരായ നാട്ടുകാരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും എസ്പിയുടെ റിപ്പോര്ട്ടിലുണ്ട്.

എന്നാല്‍, പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പോലും പുറപ്പെടുവിക്കാന് ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളുടെ ഫോട്ടോയും പാസ്പോര്‍ട്ട് നമ്പറും അന്വേഷിച്ചിട്ട് കിട്ടാത്തതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്തതെന്നാണ് കേസ് അന്വേഷിക്കുന്ന എടവണ്ണ സ്റ്റേഷനിലെ എസ്.ഐയുടെ വിചിത്ര നിലപാട്. 1995 ഏപ്രില്‍ 13നാണ് മനാഫ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിചേര്‍ത്ത പി.വി. അന്‍വര്‍ എംഎല്‍എ ഉള്‍പ്പെടെ 21 പേരെ 2009ല്‍ കുറ്റവിമുക്തരാക്കിയിരുന്നു. മറ്റ് നാല് പേരെ പിടികൂടണമെന്നാവശ്യപ്പെട്ട് മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖാണ് മഞ്ചേരി കോടതിയെ സമീപിച്ചത്.

click me!