
തിരുവനന്തപുരം: ശസ്ത്രക്രിയക്ക് ഉപകരണങ്ങളില്ലെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിഷയം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറുടെ ആരോപണം സർക്കാരിന് പരാതിയായി എത്തിയിട്ടില്ല. സാങ്കേതിക പ്രശ്നം കാരണം ഒരു ശസ്ത്രക്രിയ മാത്രമാണ് നടക്കാതിരുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കണക്കുകളാണ് സംസാരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി മെയ് മാസത്തിൽ യൂറോളജി വിഭാഗത്തിൽ 312 ശസ്ത്രക്രിയ നടന്നതായി ഡിഎംഇ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. മുൻ മാസങ്ങളിലെ കണക്കുകളിലും വലിയ വ്യത്യാസമില്ല. ഡിഎംഇ നൽകിയ വിവര പ്രകാരം നാല് ശസ്ത്രക്രിയയാണ് ഷെഡ്യൂൾ ചെയ്തത്. അതിൽ 3 ശസ്ത്രക്രിയ നടന്നു. പ്രോബിന് പ്രശ്നമുണ്ടായതിനാൽ ഒരെണ്ണം ചെയ്യാൻ കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ എത്തിയിട്ടില്ല. ഡിഎംഇയുടെ ശ്രദ്ധയിലും എത്തിയില്ല. സമഗ്രമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കിഫ്ബി വഴി 700 കോടി തിരുവനന്തപുരം മെഡിക്കൽ കോളേജിന് അനുവദിച്ചതാണ്. യൂറോളജി ഡിപ്പാർട്ട്മെന്റിനും ഗണ്യമായ തുക അനുവദിച്ചതാണ്. ഫേസ്ബുക്ക് പോസ്റ്റിലെ കാര്യങ്ങൾ അന്വേഷിക്കട്ടെയെന്ന് പറഞ്ഞ മന്ത്രി പോസ്റ്റ് പിൻവലിച്ചതടക്കുമുള്ള കാര്യങ്ങളിൽ ഡോക്ടറോട് ചോദിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
കോന്നി മെഡിക്കൽ കോളേജ് ആംബുലൻസ് വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാം. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ സർക്കാർ സംവിധാനത്തിൽ ഉപയോഗിക്കാൻ കഴിയില്ല എന്നാണ് കേന്ദ്ര നിയമം. സ്വകാര്യ മേഖലയിൽ മറ്റൊരു നിയമമാണ്. 864 വാഹനങ്ങൾ ഒറ്റയടിക്ക് എങ്ങനെയാണ് കണ്ടെത്തുക എന്ന പ്രതിസന്ധിയുണ്ട്. ആംബുലൻസ് രോഗികൾക്ക് വേണ്ടിയുള്ളതാണ്. എന്തുകൊണ്ട് മറ്റൊരു ആവശ്യത്തിനു ഉപയോഗിച്ചുവെന്നത് പരിശോധിക്കും, നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam