കണ്ണന്താനം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചു; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

By Web DeskFirst Published Apr 29, 2018, 1:58 PM IST
Highlights

ഇന്നലെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി രാത്രി ആലുവ പാലസിലാണ് താമസിച്ചത്.  ഇന്ന് 11 മണിവരെ കൊച്ചിയിലുണ്ടായിരുന്നിട്ടും ശ്രീജിത്തിന്‍റെ വീട് സന്ദശിക്കാന്‍ തയ്യാറായില്ല.

കൊച്ചി: പൊലീസ് കസ്റ്റഡി മ‍ര്‍ദ്ദനത്തില്‍ മരിച്ച വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു. സംഭവത്തില്‍ സി.പി.എം സംഘടിപ്പിക്കുന്ന നയവിശദീകരണ യോഗം നാളെ വരാപ്പുഴയില്‍ നടക്കും. കൊച്ചിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഇന്നും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ തയ്യാറയില്ല.

രാവിലെ പത്തു മണിയോടെയാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ശ്രീജിത്തിന്റെ വീട്ടിലെത്തിയത്. ബന്ധുക്കളെ ആശ്വസിപ്പിച്ച അദ്ദേഹം സംഭവത്തില്‍ സി.ബി.ഐ അന്വഷണം വേണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും ശ്രീജിത്തിന്റെ വീട്ടിലെത്താത്തതിനെ കണ്ണന്താനം വിമര്‍ശിക്കുകയും ചെയ്തു.

ഇന്നലെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി രാത്രി ആലുവ പാലസിലാണ് താമസിച്ചത്.  ഇന്ന് 11 മണിവരെ കൊച്ചിയിലുണ്ടായിരുന്നിട്ടും ശ്രീജിത്തിന്‍റെ വീട് സന്ദശിക്കാന്‍ തയ്യാറായില്ല. കസ്റ്റഡി കൊലപാതകത്തില്‍ ആരോപണം നേരിടുന്ന സി.പി.എം, നിലപാട് വീശദീകരിക്കാന്‍ നാളെ വരാപ്പുഴയില്‍ യോഗം വിളിച്ചിട്ടുണ്ട്.  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിശദീകരണ യോഗത്തില്‍ പങ്കെടുക്കുന്നത്. അതേസമയം മുഖ്യമന്ത്രി ഉള്‍പ്പെടെ ആരും എത്താത്തിലുള്ള സങ്കടത്തിലാണ് ശ്രീജിത്തിന്റെ കുടുംബം.

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടിയ എസ്.ഐ അടക്കമുള്ളവരുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും.  ഇന്നലെ രാത്രിയോടെ എസ്.ഐ ദീപക്ക് അടക്കമുള്ളവരെ വരാപ്പുഴ സ്റ്റേഷനിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

 

click me!