ദില്ലി ആര്‍ച്ച് ബിഷപ്പിനെതിരേ അല്‍ഫോന്‍സ് കണ്ണന്താനം

By Web DeskFirst Published May 23, 2018, 11:42 PM IST
Highlights
  • രാജ്യത്തെ 'പ്രക്ഷുബ്ധ രാഷ്ട്രീയ കാലാവസ്ഥ'യെക്കുറിച്ചായിരുന്നു ഇടയലേഖനം

രാജ്യത്തെ 'പ്രക്ഷുബ്ധ രാഷ്ട്രീയ കാലാവസ്ഥ'യെക്കുറിച്ച് ഇടയലേഖനമെഴുതിയ ദില്ലി ആര്‍ച്ച് ബിഷപ്പിനെതിരേ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോയുടെ വാക്കുകള്‍ അന്യായമാണെന്നും പുരോഹിതര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു.

ദില്ലി ആര്‍ച്ച് ബിഷപ്പിനെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഉള്‍പ്പെടെയുള്ളവരുമായി താന്‍ സംസാരിച്ചെന്നും അവരെല്ലാം പ്രധാനമന്ത്രിയെ അംഗീകരിക്കുന്നവരാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. 'രാജ്യത്തെക്കുറിച്ച് ഒരു ഇരുണ്ട ചിത്രം അവതരിപ്പിക്കുക പുരോഹിതരുടെ ധര്‍മ്മമല്ല. ദില്ലി ബിഷപ്പിന്‍റെ ലേഖനം വായിക്കുമ്പോള്‍ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അന്യായമാണെന്ന് മനസ്സിലാവും. രാജ്യത്തെ പാവങ്ങള്‍ക്കുവേണ്ടി കഴിഞ്ഞ 65 വര്‍ഷത്തെ സര്‍ക്കാരുകള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്തെന്ന് ഞാന്‍ പുരോഹിത സമൂഹത്തോട് പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹത്തിന് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടപ്പോഴൊക്കെ സര്‍ക്കാര്‍ അതില്‍ ഇടപെട്ടിട്ടുണ്ട്', അല്‍ഫോന്‍സ് കണ്ണന്താനം അഭിപ്രായപ്പെട്ടു.

ജനാധിപത്യ മൂല്യങ്ങള്‍ക്കും മതനിരപേക്ഷതയ്ക്കും ഭീഷണിയായ പ്രക്ഷുബ്ധ രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നായിരുന്നു ദില്ലി ആര്‍ച്ച് ബിഷപ്പിന്‍റെ ഇടയലേഖനം. രാജ്യത്തിന്‍റെ ഭാവിക്കായി പ്രാര്‍ഥനയും ഉപവാസവും വേണമെന്നും ലേഖനത്തില്‍ ആഹ്വാനമുണ്ടായിരുന്നു.

click me!