ആലുവയിലെ പൊലീസ് മര്‍ദനം; വധശ്രമത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍

By Web deskFirst Published Jun 7, 2018, 6:48 AM IST
Highlights
  • സമരത്തിനിറങ്ങാന്‍ യുഡിഎഫും

ആലുവ: ആലുവയിൽ യുവാവിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്ത് വന്നു. ഇതിനായി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകും. എടത്തല സ്വദേശി ഉസ്മാനെ മർദ്ദിച്ച സംഭവത്തിൽ മുന്നു പൊലീസുകാരെയാണ് ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുന്നത്.

മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടും, കൈകൊണ്ട് അടിച്ചു തുടങ്ങിയ ദുർബലമായ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സസ്പെൻഷനിലായ എ.എസ്.ഐ. സംഘത്തിൽ ഉൾപ്പെട്ടതിലും ദുരൂഹതയുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പരിക്കേറ്റ ഉസ്മാന്റെ സഹോദരനും ബന്ധുവും  ആവശ്യപ്പെട്ടു. പൊലീസുകാർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനും ബന്ധുക്കൾ ആലോചിക്കുന്നുണ്ട്.

ഇതിനിടെ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫും ബന്ധുക്കൾക്കൊപ്പം സമരത്തിൽ പങ്കു ചേരാൻ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ ഉസ്മാൻ ശസ്ത്രക്രിയ കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുകയാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

click me!