പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

By Web DeskFirst Published Jan 27, 2017, 11:38 AM IST
Highlights

ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പ്രഖ്യാപിച്ചു. മജീദയില്‍ നടന്ന റാലിയില്‍ നവ്ജ്യോത് സിംഗ് സിദ്ദു ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷിയാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പഞ്ചാബില്‍ പഞ്ചാബിയാകണം മുഖ്യമന്ത്രിയെന്ന നിര്‍ദ്ദേശത്തോടെയാണ് നാടകീയമായി അമരീന്ദര്‍ സിംഗ് ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്. അധികാരത്തില്‍ വന്നാല്‍ മയക്ക് മരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നിയമമായിരിക്കും കോൺഗ്രസ് സർക്കാർ കൊണ്ടുവരുകയെന്ന് രാഹുല്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയ തലവന്‍ ബിക്രം സിംഗ് മജീദിയയുടെ നാട്ടിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

പിസിസി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന സംസ്ഥാന നേതാക്കളുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ല. നവ്ജ്യോത് സിംഗ് സിദ്ദു പാര്‍ട്ടിയിലേക്ക് മടങ്ങിവന്നപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി. ഇതേത്തുടര്‍ന്നാണ് രാഹുല്‍ പഞ്ചാബിലെ ആദ്യതെരഞ്ഞെടുപ്പ് റാലിയില്‍ തന്നെ സംസ്ഥാനത്തെ പ്രമുഖനേതാക്കളെ അണിനിരത്തി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

മാത്രമല്ല ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ശക്തമായി മുന്നേറുന്ന സാഹചര്യത്തില്‍ കൂടിയാണ് ഹൈക്കമാന്‍ഡ് വിട്ടുവീഴ്ചക്ക് തയ്യാറായത്.സംസ്ഥാനസര്‍ക്കാരിനെയും ശിരോമണി അകാലിദള്‍ ബിജെപി സഖ്യത്തെയും അതീരൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ സ്ഥാനത്തെ പിന്നോട്ടടിച്ച അകാലി ദളിനെയും ദില്ലിയില്‍ ഒന്നും ചെയ്യാത്ത ആം ആദ്മി പാര്‍ട്ടിയെയും മാറ്റിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ക്യാപറ്റന്‍ അമരീന്ദര്‍ സിംഗ് നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരുള്‍പ്പടെ പങ്കെടുത്ത റാലി പാര്‍ട്ടിയില്‍ ഐക്യത്തിന്റെ സദ്ദേശം നല്‍കുന്നതായി. 

click me!