നാദാപുരം ഗവ ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്ത് തന്നെ; യന്ത്രഭാഗങ്ങള്‍ കാണാനില്ല

web desk |  
Published : Mar 04, 2018, 07:58 PM ISTUpdated : Jun 08, 2018, 05:43 PM IST
നാദാപുരം ഗവ ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്ത് തന്നെ; യന്ത്രഭാഗങ്ങള്‍ കാണാനില്ല

Synopsis

വിശദമായ അന്വേഷണം വേണമെന്ന് എച്ച്എംസി.

കോഴിക്കോട്: ലക്ഷങ്ങള്‍ ചിലവഴിച്ച് പുറത്തിറക്കിയ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് വീണ്ടും കട്ടപ്പുറത്തായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതരുടെ അലംഭാവം. ഒന്നര ലക്ഷം രൂപയോളം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തി ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സിനാണ് ഈ ദുര്‍ഗതി. ചെലവഴിച്ച ഒന്നരലക്ഷം രൂപയ്ക്ക് കഷ്ടിച്ച് രണ്ട് മാസം മാത്രമാണ് ആയുസ്സുണ്ടായിരുന്നത്. ഇതിനിടെ വാഹനത്തിന്റെ ചില യന്ത്ര ഭാഗങ്ങള്‍ കാണാനില്ലെന്നാണ് പറയുന്നത്. 

2011 ലാണ് ബിനോയ് വിശ്വത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നാദാപുരം താലൂക്ക് ആശുപത്രിക്ക് ആംബുലന്‍സ് വാങ്ങിയത്. 2017 ല്‍ മംഗലാപുരത്ത് രോഗിയേയും കൊണ്ട് തിരിച്ച് വരുമ്പോള്‍ വാഹനം തകരാറിലായതോടെയാണ് ആംബുലന്‍സിന്റെ ദുര്‍ഗതി ആരംഭിക്കുന്നത്. മാസങ്ങളോളം കാസര്‍ക്കോട്ടെ സ്വകാര്യ കമ്പനിയില്‍ കിടന്ന വാഹനം എച്ച്എംസി ഫണ്ട് ഉപയോഗിച്ചാണ് ഏറെ കാലങ്ങള്‍ക്ക് ശേഷം പുറത്തിറക്കിയത്. കഴിഞ്ഞ നവംബര്‍ മാസം പുറത്തിറക്കിയ ആംബുലന്‍സ് ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റടക്കം ശരിയാക്കി പുറത്തിറക്കിയെങ്കിലും വീണ്ടും തകരാര്‍ ആവുകയായിരുന്നു. 

ജനുവരി രണ്ടാം വാരം കൈനാട്ടിയിലെ സ്വകാര്യ കമ്പനിയില്‍ വീണ്ടും അറ്റകുറ്റ പണികള്‍ക്കായി വാഹനം കയറ്റി മാസങ്ങള്‍ കഴിഞ്ഞിട്ടും പുറത്തിറക്കാനുള്ള യാതൊരു നടപടിയും അധികൃതര്‍ കാണിച്ചിട്ടില്ലെന്ന പരാതി ശക്തമായിട്ടുണ്ട്. കാസര്‍ക്കോട്ട് വര്‍ക്ക് ഷോപ്പില്‍ വേണ്ട വിധം അറ്റകുറ്റപ്പണി നടത്തിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇപ്പോള്‍ അമിതമായ പുക കാരണമാണ് ആംബുലന്‍സ് ഉപയോഗിക്കാതെ വന്നത്. ശുദ്ധീകരണം നടക്കാതെ പുക പുറത്ത് പോകുന്നതാണ് പ്രധാന പ്രശ്‌നമായി വന്നത്. ഇക്കാര്യം കാണിച്ച് അധികൃതര്‍ മുമ്പ് അറ്റകുറ്റ പണി നടത്തിയ കാസര്‍ക്കോട്ടെ കമ്പനിയുടെ മറ്റൊരു സ്ഥാപനമായ കൈനാട്ടിയില്‍ തന്നെ വാഹനം എത്തിച്ച് നല്‍കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് 25,000 ത്തോളം രുപ വിലയുള്ള ചില യന്ത്രഭാഗങ്ങള്‍ വാഹനത്തില്‍ നിന്ന് കാണാതായി കണ്ടെത്തിയത്. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്. 

ഇതിനിടെ ആംബുലന്‍സ് വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്ത എച്ച്എംസി യോഗത്തില്‍ ആരും പങ്കെടുക്കാതിരുന്നതും വിവാദമായി. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. ആശുപത്രി വിഷയത്തില്‍ തുടരുന്ന അലംഭാവമാണ് യോഗത്തില്‍ പോലും പങ്കെടുക്കാതിരിക്കുന്നതെന്നാണ് ആരോപണം. ആംബുലന്‍സിന്റെ യന്ത്ര ഭാഗങ്ങള്‍ കാണാതായ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് എച്ച്എംസി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സ്ഥലം എംഎല്‍എ, ഡിഎംഒ, ജില്ലാ കലക്റ്റര്‍ എന്നിവരെയെല്ലാം വിവരമറിയിച്ചിട്ടും നടപടികള്‍ വൈകുകയാണ്. 

ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ ജനങ്ങള്‍ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് ഇല്ലാത്തത് രോഗികളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. കൃത്യ സമയത്ത് ആംബുലന്‍സ് ലഭിക്കാതെ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥിനി മരണപ്പെട്ട സാഹചര്യവും മുമ്പ് ഇവിടെ ഉണ്ടായിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും
യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ