
കോഴിക്കോട്: ബൂത്ത് തലത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നിര്‍ദ്ദേശം. മോദി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ പൂര്‍ണ്ണമായി ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോട് നടക്കുന്ന അഖിലേന്ത്യാ ഭാരവാഹി യോഗത്തില്‍ അമിത്ഷാ വിമര്‍ശിച്ചു. യു പി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിന്നാക്കകാരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളുടെ പ്രഖ്യാപനവും കോഴിക്കോടുണ്ടാകും.
മുദ്രാബാങ്ക്, ജന്‍ധന്‍ അടക്കം ഒട്ടേറെ ക്ഷേമ പദ്ധതികള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കി. എന്നാല്‍ ഭരണം പകുതി വര്‍ഷം പിന്നിടുമ്പോഴും ഇവയൊന്നും വേണ്ട വിധം താഴേക്കിടയിലേക്കെത്തിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശമാണ് അഖിലേന്ത്യാ ഭാരവാഹി യോഗത്തില്‍ അമിത്ഷാ ഉന്നയിച്ചത്. പൊതു തെരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ ആയ യു പി തെരഞ്ഞെടുപ്പ് പിടിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതികള്‍ക്ക് പാര്‍ട്ടി രൂപം നല്‍കും.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അധ്യക്ഷനായ ഗരീബ് കല്യാണ്‍ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഈ വര്‍ഷം തന്നെ നടപ്പാക്കും. യു പിയിലെ മുന്നാക്ക വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതിയുമുണ്ടാകും. ഉറി ആക്രമണത്തെ കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം ശക്തമായി അപലപിക്കും.
വെള്ളിയാഴ്ച കോഴിക്കോടെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. കേരള വിഷയങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച അമിത്ഷാ പ്രത്യേക യോഗം വിളിക്കും.
അതേ സമയം കേരളത്തില്‍ ഭരണത്തിലെത്തുക എന്ന ലക്ഷ്യത്തിലെത്താന്‍ ക്രൈസ്തവസഭകളേയും ന്യൂനപക്ഷവിഭാഗങ്ങളേയും ഒപ്പം നിര്‍ത്തണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കേരളത്തിലെ നേതാക്കള്‍ക്ക് കേന്ദ്രത്തില്‍ അര്‍ഹമായ പരിഗണന നല്‍കണമെന്നും സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. അമിത്ഷായുടെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ടുമാരുടെ യോഗം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam