
ദില്ലി: കേരളത്തില്‍ എന്‍ഡിഎ വിപുലീകരണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം. എന്‍ഡിഎ നയങ്ങളുമായി യോജിക്കുന്ന എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും സ്വാഗതമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. മലപ്പുറം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങള്‍ മാധ്യമസൃഷ്‌ടിയെന്നും കുമ്മനം പ്രതികരിച്ചു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ താമര വിരിയിക്കാന്‍ എന്‍ഡിഎ വിപുലീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന നിലപാടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഭുവനേശ്വരില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ അതിനായുള്ള കര്‍മ്മപദ്ധതികള്‍ രൂപീകരിച്ചിരുന്നു.ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് ഇന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തിയത്.
നിലവില്‍ എന്‍ഡിഎക്കൊപ്പമുള്ള കക്ഷികളുടെ ആവശ്യങ്ങള്‍ ഏറെക്കുറെ പരിഹരിച്ച കേന്ദ്രനേതൃത്വം പുതിയ കക്ഷികളെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.2019ല്‍ കേരളത്തില്‍ പരമാവധി സീറ്റുകള്‍ നേടണമെന്നും അതിനായി സംസ്ഥാന നേതൃത്വം രൂപീകരിച്ച കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് പോകാനും അമിത് ഷാ സംസ്ഥാന നേതൃത്വത്തിനോട് നിര്‍ദ്ദേശിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ സംഘടനയെ ശക്തിപ്പെടുത്താന്‍ അമിത് ഷാ നടത്തുന്ന ഭാരത പര്യടനത്തിന്റെ ഭാഗമായി ജൂലൈ 25 മുതല്‍ 27 വരെ കേരളത്തില്‍ സന്ദര്‍ശനം നടത്തും. മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ വി മുരളീധരന്‍, പി കെ കൃഷ്ണദാസ്, എല്‍ .ഗണേഷ് കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാര്‍ രാജീവ് ചന്ദ്രശേഖര്‍ എംപി എന്നിവരും അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam