
ദില്ലി: രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് പ്രധാന തടസ്സം ബീഹാര്‍, ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്, ചത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥയാണെന്ന് മെയ്ക്ക് ഇന്‍ ഇന്ത്യ സിഇഒ അമിതാഭ് കാന്ത്. രാജ്യത്തെ ദക്ഷിണേന്ത്യന്‍- പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ ദ്രുതഗതിയില്‍ വളരുന്നുണ്ടെങ്കിലും മധ്യദേശത്തും കിഴക്കന്‍ ഭാഗത്തുമുള്ള സംസ്ഥാനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാല സംഘടിപ്പിച്ച ഖാന്‍ അബ്ദുള്‍ ഖാന്‍ സ്മാരക പ്രഭാഷണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങള്‍ കൊണ്ടുവരുന്നതിലും നല്ല രീതിയില്‍ കൊണ്ടുപോകുന്നതിലുമൊക്കെ രാജ്യം നിര്‍ണായകമായ മുന്നേറ്റം നടത്തി കഴിഞ്ഞു. എന്നാല്‍ സാമൂഹിക വികസന സൂചികളില്‍ നമ്മളിപ്പോഴും പിന്നിലാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് സമൂഹിക വികസന സൂചികയിലുള്ള 188 രാജ്യങ്ങളില്‍ 131-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥയാണ് ഇതിനുള്ള പ്രധാന കാരണം. വിദ്യാഭ്യാസം, ആരോഗ്യം എന്നീ രണ്ട് മേഖലകളിലെ ശോചനീയവസ്ഥ മാറ്റിയാല്‍ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. ഇപ്പോഴും നമ്മുടെ നാട്ടിലെ ഒരു അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് സ്വന്തം മാതൃഭാഷ പറയാന്‍ അറിയില്ല. രണ്ടാം ക്ലാസ്സ് നിലവാരത്തിലുള്ള കണക്ക് തെറ്റാതെ ചെയ്യാന്‍ സാധിക്കില്ല. ശിശുമരണനിരക്കും വളരെ കൂടുതലാണ്. ഇതിനൊക്കെ മാറ്റം കൊണ്ടുവന്നാല്‍ മാത്രമേ സ്ഥിരതയാര്‍ന്ന വികസനം ഉറപ്പിക്കാന്‍ സാധിക്കൂ അമിതാഭ് കാന്ത് പറയുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ബുദ്ധികേന്ദ്രമായി അറിയപ്പെടുന്ന അമിതാഭ് കാന്തിനെ പദ്ധതിയുടെ ആദ്യ സിഇഒ ആയി നിയമിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ട സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരില്‍ ഒരാളായി അറിയപ്പെടുന്ന അമിതാഭ് കാന്ത് കേരള കേഡറില്‍ നിന്നുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്. ടൂറിസം ഡയറക്ടര്‍, കോഴിക്കോട് കളക്ടര്‍ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ പ്രശസ്തമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam