
റിയാദ്: പൊതുമാപ്പ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ നിയമലംഘകരെ പിടികൂടാന്‍ സൗദിയില്‍ റെയ്ഡ് തുടരുന്നു. അറുപത്തിയൊമ്പതിനായിരത്തില്‍ കൂടുതല്‍ വിദേശികള്‍ ഇതിനകം പിടിയിലായി. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന ക്യാമ്പെയ്ന്‍റെ ഭാഗമായി സൗദിയില്‍ നടക്കുന്ന റെയ്ഡില്‍ 69,233 വിദേശ നിയമലംഘകര്‍ ഇത് വരെ പിടിയിലായി. താമസ തൊഴില്‍ നിയമലംഘകരാണ് ഇതില്‍ കൂടുതലും.
താമസ നിയമലംഘകരായ 38,006 പേരും തൊഴില്‍ നിയമലംഘകരായ 17,158 പേരും അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനു പുറമേ 13,099 നുഴഞ്ഞു കയറ്റക്കാരും പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് അവസാനിച്ച് പത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്. നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാന്‍ ഏതാണ്ട് എട്ടു മാസത്തോളമാണ് പൊതുമാപ്പ് അനുവദിച്ചത്. നിയമലംഘകര്‍ക്കെതിരെ രാജ്യത്ത് ഉടനീളം ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.
വിവിധ ഭാഷകളില്‍ വിദേശികള്‍ക്കിടയില്‍ ഇതുസംബന്ധമായ ബോധവല്‍ക്കരണം നടത്തുന്നുണ്ട്. റിയാദില്‍ മാത്രം ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 1,091 നിയമലംഘകര്‍ പിടിയിലായി. വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 123 നിയമലംഘനങ്ങളുംകണ്ടെത്തി. നിയമലംഘനം നടത്തിയ ഇരുപത്തിനാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി.
ഇതിനു പുറമേ നിരോധിക്കപ്പെട്ടതും, കാലാവധി തീര്‍ന്നതുമായ നൂറുക്കണക്കിനു കീടനാശിനി കണ്ടൈനറുകള്‍ കൃഷിവകുപ്പ് പിടിച്ചെടുത്തു. ഈ കേസില്‍ പിടിക്കപ്പെട്ടവരെ തുടര്‍ നടപടികള്‍ക്കായി പോലീസിനു കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam