അരുണാചല്‍ വിധി: ബിജെപിക്ക്  സുപ്രീം കോടതിയില്‍ നിന്നേറ്റ രണ്ടാമത്തെ പ്രഹരം

By Web DeskFirst Published Jul 13, 2016, 10:42 AM IST
Highlights

ദില്ലി: ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് കോണ്‍ഗ്രസ് മുക്ത ഇന്ത്യയെന്ന നീക്കവുമായി മുന്നോട്ടു പോയ ബിജെപിക്ക് സുപ്രീം കോടതിയില്‍ നിന്നേറ്റ രണ്ടാമത്തെ പ്രഹരമാണ് അരുണാചല്‍കേസിലെ വിധി. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം തീര്‍ത്തും ദുര്‍ബലമായ കോണ്‍ഗ്രസിന് വിധി പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് പുതുജീവന്‍ നല്കും.

പിരിച്ചുവിട്ട ഒരു സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ ഈ കോടതി മടിക്കില്ല. 1994ല്‍ ചരിത്രപരമായ എസ്ആര്‍ ബൊമ്മൈ കേസില്‍ വിധി പ്രസ്താവിച്ചു കൊണ്ട് സുപ്രീം കോടതി മുന്നറിയിപ്പു നല്‍കിയത് ഇങ്ങനെയായിരുന്നു. പിന്നീട് രാമേശ്വര്‍ പ്രസാദ് കേസിലും കോടതി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. ഒരു സര്‍ക്കാര്‍ നിലനില്‌ക്കെ മുന്‍സര്‍ക്കാരിനെ പുനസ്ഥാപിച്ചു കൊണ്ടു സുപ്രീം കോടതി പഴയ മുന്നറിയിപ്പുകള്‍ അവഗണിച്ചവര്‍ക്ക് വലിയ ശിക്ഷ നല്കിയിരിക്കുന്നു. ധാര്‍മ്മികതയുടെ പഴയ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സംസ്ഥാന ഗവര്‍ണ്ണര്‍ ഉടന്‍ സ്ഥാനമൊഴിയേണ്ട പ്രഹരമാണ് സുപ്രീം കോടതി നല്കിയിരിക്കുന്നത്. 

ആദ്യം അരുണാചലിലും പിന്നെ ഉത്തരാഖണ്ഡിലും ബിജെപി കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന ലക്ഷ്യം മുന്നോട്ടു വച്ചുളള ഓപ്പറേഷനാണ് നടത്തിയത്. രണ്ടിടത്തും കാലിടറി എന്നു മാത്രമല്ല നന്നായി വീണു. ഹിമാചലും മണിപ്പൂരും പിന്നെ കര്‍ണ്ണാടകത്തിലുമൊക്കെ സമാന നീക്കങ്ങള്‍ക്കുള്ള ബ്ലൂപ്രിന്റ് ഉത്തരാഖണ്ഡിലെ വിധിയോടെ ബിജെപി മാറ്റിവച്ചിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെയും ലോക്‌സഭയിലെ ഭൂരിപക്ഷത്തിന്റെയും ആവേശത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനമായ 24 അക്ബര്‍ റോഡിനെ ബിജെപി ഭയക്കുന്നില്ല. പാര്‍ലമെന്റിലെ പ്രതിപക്ഷ ബഞ്ചുകളെയും മോദി-അമിത്ഷാ കൂട്ടുകെട്ട് കണക്കിലെടുക്കുന്നില്ല. 

എന്നാല്‍ തിലക് മാര്‍ഗ്ഗില്‍ 1954ല്‍ രാജേന്ദ്ര പ്രസാദ് തറക്കല്ലിട്ട ഈ മന്ദിരം ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ പേടിസ്വപ്നവും ഭീഷണിയുമാകുന്നു. സ്വന്തം പാര്‍ട്ടിയിലെ വിമത നീക്കം തടയാന്‍ കഴിയാതെ ഈ പ്രതിസന്ധിയുണ്ടാക്കിയ കോണ്‍ഗ്രസിന് കോടതി പകരുന്ന ഊര്‍ജ്ജമാണ് ബാക്കിയുള്ളത്. 

എന്തായാലും രണ്ടു വര്‍ഷം പിന്നിട്ട നരേന്ദ്ര മോദി ഭരണത്തില്‍ നിയമത്തിനും ഭണഘടനയ്ക്കുമൊപ്പം രാഷ്ട്രീയ മര്യാദയുടെ സംരക്ഷണം കൂടി സുപ്രീം കോടതി ഏറ്റെടുക്കുകയാണ്. 

click me!