നാഷണല്‍ ഹെറാള്‍ഡ്: സോണിയയ്‌ക്കും രാഹുലിനും തിരിച്ചടി

By Web DeskFirst Published May 12, 2017, 7:30 AM IST
Highlights

ദില്ലി: നാഷണല്‍ ഹെറാള്‍കേസില്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തിരിച്ചടി. ആദായനികുതി വകുപ്പിന്റെ അന്വേഷണം റദ്ദാക്കണമെന്ന സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യം ദില്ലി ഹൈക്കോടതി തള്ളി. അന്വേഷണവുമായി ആദായ നികുതി വകുപ്പിന് മുന്നോട്ടുപോകാമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു.

അസോസിയേറ്റ് ജേര്‍ണലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിനെ കുറിച്ചും, അസോസിയേറ്റഡ് ജേര്‍ണലിന് കോണ്‍ഗ്രസ് പാര്‍ടി 90 കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയതിനെതിരെയും ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയിരുന്നു. ഇത് ചോദ്യം ചെയ്ത് യംങ് ഇന്ത്യ കമ്പനിയാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി യംങ് ഇന്ത്യ കമ്പനിയുടെ ആവശ്യം തള്ളി. സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദായ നികുതി വകുപ്പ് സംശയമുണ്ടെങ്കില്‍ അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇടപാടുകളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ നേരത്തെ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും യംങ് ഇന്ത്യ കമ്പനിയിലെ മറ്റ് അംഗങ്ങള്‍ക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചെങ്കിലും ആദായ നികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് നേതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നേതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ യംങ് ഇന്ത്യ കമ്പനിയിലേക്ക് കൈമാറിയതിലൂടെ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി നേതാവ് സുബ്രഹ്മണ്യസ്വാമി നല്‍കിയ കേസില്‍ സോണിഗാന്ധിയും രാഹുല്‍ ഗാന്ധിയും ദില്ലി പട്യാല ഹൗസ് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യം എടുത്തിരുന്നു. ആ കേസിന്റെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നേതാക്കള്‍ക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം തുടങ്ങിയത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏത് നിമിഷവും ഏറ്റെടുത്തേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം നേരിടേണ്ട സാഹചര്യം.

click me!