
അമരാവതി: ആന്ധ്രപ്രദേശിലെ അമരാവതിയില്‍ പത്തൊമ്പതുകാരിയെ പീഡിപ്പിച്ച് കൊന്നു കെട്ടി തൂക്കിയ യുവാക്കളില്‍ ഒരാളെ തല്ലിക്കൊന്നു. ഞായറാഴ്ച്ച വൈകിട്ട് ആവുല്‍ദീവിയിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശ്രീസായ്, പവന്‍കുമാര്‍ എന്നിവരെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീസായ് ആണ് കൊല്ലപ്പെട്ടത്. ജാസ്മിന്‍ എന്ന പെണ്‍കുട്ടിയെയാണ് യുവാക്കള്‍ കൊലപ്പെടുത്തിയത്.
ജാസ്മിന്‍റെ നാട്ടുകാരാണ് ശ്രീസായ്, പവന്‍കുമാര്‍ എന്നിവര്‍ . സംഭവദിവസം ജാസ്മിന്‍ വീട്ടില്‍ തന്നെയാണെന്നു മനസിലാക്കിയ പ്രതികള്‍ ഇവരുടെ വീട്ടിലെത്തി. ജാസ്മിനെ കയറിപ്പിടിച്ചെങ്കിലും ബഹളം വച്ചതോടെ ഇവരിലൊരാള്‍ പെണ്‍കുട്ടിയുടെ വായ്‌പൊത്തി. പീഡിപ്പിച്ചശേഷം സ്ഥലംവിടാനായിരുന്നു ഇരുവരുടെയും പ്ലാന്‍.
എന്നാല്‍ വീട്ടിലെ അലമാരയിലിരുന്ന സ്വര്‍ണം ശ്രദ്ധയില്‍പ്പെട്ട ഇവര്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തി സ്വര്‍ണം കൈക്കലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജാസ്മിന്റെ കഴുത്തില്‍ ഇരുവരും ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫാനില്‍ കെട്ടിത്തൂക്കി.
പിന്നീട് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി അയല്‍ക്കാരോട് വിളിച്ചു പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരോട് ഇഷ്ടമില്ലാത്ത കല്യാണത്തിന് പെണ്‍കുട്ടിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് യുവാക്കള്‍ പറഞ്ഞുപരത്തി. എന്നാല്‍ ജാസ്മിന്‍റെ ശരീരത്തില്‍ മുറിവുകള്‍ കണ്ട അയല്‍ക്കാര്‍ യുവാക്കളെ പിടിച്ചുവെച്ചു.
പിന്നീട് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്നാണ് യുവാവ് കൊല്ലപ്പെട്ടത്. മരണകാരണം വ്യക്തമായിട്ടില്ല. യുവാവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പരിക്കേറ്റ രണ്ടാമത്തെ യുവാവ് ഗുരുതരാവസ്ഥയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam