മായാവതിക്കെതിരെയുള്ള പരാമര്‍ശം; ഉത്തര്‍പ്രദേശിൽ പ്രതിഷേധം അക്രമാസക്താമായി

By Web DeskFirst Published Jul 21, 2016, 7:48 AM IST
Highlights

ലക്നോ: ഉത്തര്‍പ്രദേശ് പിടിക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങൾക്ക് ദളിത് വിഷയം തിരിച്ചടിയാകുന്നു. മായാവതിയെ അപമാനിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ലക്നൗവിൽ അക്രമാസക്തമായി. മായാവതിയെ ലൈംഗിക തൊഴിലാളി എന്ന് വിളിച്ച് അപമാനിച്ച സംഭവം ഉത്തര്‍പ്രദേശിൽ ബി.ജെ.പിക്കെതിരെ വലിയ രാഷ്ട്രീയ വിഷയമാക്കിമാറ്റുകയാണ് ബി.എസ്.പി.

മായാവതിയെ അപമാനിച്ച ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദയാശങ്കർ സിംഗിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് ലക്നൗവിലെ ഹസ്രത് ഗഞ്ചിൽ ആയിരങ്ങൾ പ്രതിഷേധവുമായി എത്തിയത്. എന്നാല്‍ ദയാശങ്കർ സിംഗിനെ ഭാരവാഹിത്വത്തിൽ നിന്ന് നീക്കിയതോടെ പ്രശ്നങ്ങൾ അവസാനിച്ചുവെന്ന നിലപാടിലാണ് ബി.ജെ.പി. രോഹിത് വെമുലയുടെ ആത്മഹത്യ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും ഉണ്ടാക്കിയ രാഷ്ട്രീയ തലവേദന ചെറുതായിരുന്നില്ല. ദളിത് വിരുദ്ധ സര്‍ക്കാരെന്ന പ്രതിപക്ഷ മുദ്രാവാക്യം ആ സംഭവത്തിന് ശേഷം ശക്തമായി.

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലടക്കം അത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ വന്നതോടെയാണ് കേന്ദ്ര മന്ത്രിസഭയിൽ ഏഴ് പുതിയ ദളിത് സമുദായ മന്ത്രിമാരെ ഉൾപ്പെടുത്തിയത്. പക്ഷെ, ഗുജറാത്തിൽ ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ മായാവതിക്കെതിരെയുള്ള വിവാവദ പരാമര്‍ശം കൂിട വന്നതോടെ ബി.ജെ.പിയെ വീണ്ടും പ്രതിസന്ധിയിലാക്കി.

click me!