ഇന്ന് അറഫാ സംഗമം; തീര്‍ത്ഥാടകര്‍ അറഫയിലേക്ക് ഒഴുകുന്നു

By Web DeskFirst Published Sep 11, 2016, 2:20 AM IST
Highlights

മിനായില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ അറഫയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ രാത്രിയോടെ തന്നെ തീര്‍ഥാടകര്‍ മിനായില്‍ നിന്നും നടന്നും വാഹനങ്ങളിലുമായി അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് ഉച്ച മുതല്‍ സൂര്യന്‍ അസ്തമിക്കുന്നത് വരെ അറഫയില്‍ ഒരുമിച്ചു കൂടുക എന്നതാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മം. ഹജ്ജിനെത്തിയ എല്ലാ തീര്‍ഥാടകരും ഒരേ സമയം അനുഷ്‌ഠിക്കുന്ന ഏക കര്‍മവും അറഫാ സംഗമമാണ്. ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഇന്നലെ രാത്രിയോടെ തന്നെ അറഫയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരില്‍ ഏതാണ്ട് 65,000ത്തോളം പേര്‍ ട്രെയിന്‍ വഴിയും ബാക്കിയുള്ളവര്‍ ബസ് മാര്‍ഗവുമാണ് അറഫയിലേക്ക് പോകുന്നത്.

ഉച്ചയ്‌ക്ക് അറഫയിലെ നമിറാ പള്ളിയില്‍ നമസ്കാരവും പ്രസംഗവും നടക്കും. ശേഷം പ്രാര്‍ത്ഥനകളിലും മറ്റു ആരാധനാ കര്‍മങ്ങളിലും മുഴുകുന്ന തീര്‍ഥാടകര്‍ വൈകുന്നേരം മുസ്ദലിഫയിലേക്ക് നീങ്ങും. മിനായിലെ പോലെ അറഫയില്‍ സ്ഥിരം തമ്പുകളില്ല. താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ തമ്പുകളാണ് കൂടുതലും. ഇത്തവണ ചൂടിനെ പ്രതിരോധിക്കുന്ന ഏതാനും പുതിയ തമ്പുകള്‍ പണിതിട്ടുണ്ട്. 82,000 തീര്‍ഥാടകര്‍ക്ക് ഇതില്‍ കഴിയാം.

click me!