ഒച്ചോവയുടെ മാറാലക്കൈകളില്‍ കുരുങ്ങിയ തുകല്‍പ്പന്തുകള്‍...

Web Desk |  
Published : Jul 16, 2018, 02:44 PM ISTUpdated : Oct 04, 2018, 03:03 PM IST
ഒച്ചോവയുടെ മാറാലക്കൈകളില്‍ കുരുങ്ങിയ തുകല്‍പ്പന്തുകള്‍...

Synopsis

ക്വാര്‍ട്ടോയിസ് കളിച്ചത് ഏഴ് മത്സരങ്ങള്‍. 630 മിനിറ്റുകള്‍ അവന്‍ ഏകാകിയായി പോസ്റ്റിലുണ്ടായിരുന്നു. ഇത്രയും സമയത്തിനിടെ 27 സേവുകള്‍. നാല് മത്സരങ്ങള്‍ മാത്രാണ് ഒച്ചോവ കളിച്ചത്. 360 മിനിറ്റിനിടെ നടത്തിയത് 25 സേവുകള്‍.

ഫ്രാന്‍സിസ്‌കോ ഗ്വില്ലര്‍മോ ഒച്ചോവ. ലാറ്റിനമേരിക്കന്‍ കഥകളില്‍ ഗബ്രിയേല്‍ മാര്‍ക്വേസ് പറഞ്ഞുവച്ച ജിപ്സികളെ പോലെ ഒരാള്‍. പുതിയ വിരുതുകളുമായി ജിപ്സികള്‍ നാട് തെണ്ടുന്നത് പോലെ, സ്വര്‍ണ നിറത്തില്‍ ചുരുളന്‍ മുടിയുള്ള മായാജാലക്കാരന്‍ നാട് താണ്ടി ലോകകപ്പിനെത്തുന്നു. ഫുട്ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച മാന്ത്രിക വിദ്യകളുമായി അയാള്‍ കടന്നു പോകുന്നു. ഗോള്‍ പോസ്റ്റിന് കീഴില്‍ ഒരു വര്‍ണ ശലഭത്തെപ്പോലെ പറന്ന് പറന്ന് എത്രയേറെ അത്ഭുതങ്ങളാണ് അയാള്‍ നമുക്ക് ഒരുക്കി തന്നതല്ലേ...

എങ്കിലും, ലോകകപ്പിന്റെ സ്വര്‍ണ കൈയ്യുറകള്‍ തിബൗട്ട് ക്വാര്‍ട്ടോയിസ് ബെല്‍ജിയത്തിലേക്ക് കൊണ്ടുപോയി. അവന്‍ അര്‍ഹിച്ച നേട്ടം തന്നെയാണ്. ഒച്ചോവയെ പോലെ അയാളും ഒരു വെട്ടുക്കിളിയെ പോലെ ആയിരുന്നല്ലൊ. എങ്കിലും ചിലത് പറയണം. ഇരുവരും കളിച്ച മത്സരങ്ങളെങ്കിലും ശ്രദ്ധിക്കണം. ക്വാര്‍ട്ടോയിസ് കളിച്ചത് ഏഴ് മത്സരങ്ങള്‍. 630 മിനിറ്റുകള്‍ അവന്‍ ഏകാകിയായി പോസ്റ്റിലുണ്ടായിരുന്നു. ഇത്രയും സമയത്തിനിടെ നടത്തിയത് 27 സേവുകള്‍. ഇനി ഒച്ചോവയിലേക്ക്... നാല് മത്സരങ്ങള്‍ മാത്രാണ് ഒച്ചോവ കളിച്ചത്. 360 മിനിറ്റിനിടെ നടത്തിയത് 25 സേവുകള്‍. എന്നാല്‍ പാതിവഴിയില്‍ തലകുനിച്ചുവെന്നുള്ളത്‌ക്കൊണ്ട് മാത്രം ഒച്ചോവ രണ്ടാം സ്ഥാനക്കാരനായി. 

ലോക ഫുട്ബോള്‍ മാമാങ്കമെത്തുമ്പോള്‍ മാത്രം ഒച്ചോവ എവിടെ നിന്നാണ് പൊട്ടിമുളയ്ക്കുന്നത്..? ശേഷം  എങ്ങോട്ടാണ് അയാള്‍ യാത്ര പോകുന്നത്..? ബ്രസീല്‍ ലോകകപ്പിലാണ് ഒച്ചോവോ നമ്മെ അമ്പരിപ്പിച്ചത്. അതിനും മുന്‍പ്, രണ്ട് ലോകകപ്പുകളില്‍ ഒച്ചോവ ഉണ്ടായിരുന്നെന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും..?  അതേ.. 2006 ജര്‍മനിയിലും 2010 ദക്ഷിണാഫ്രിക്കയിലും മെക്സിക്കോയുടെ ഡഗ്ഔട്ടില്‍ ഒച്ചോവ വിരിഞ്ഞു തുടങ്ങുന്നുണ്ടായിരുന്നു. ബ്രസീല്‍ ലോകകപ്പിനുള്ള ഊര്‍ജമാണ് അന്നയാള്‍ ഉള്‍ക്കൊണ്ടത്...

അന്ന് എത്ര പന്തുകളാണ് ഒച്ചോവ കൈകളിലൊളിപ്പിച്ച മാറാലയില്‍ കുടങ്ങിയത്..? നെയ്മര്‍, വില്ല്യന്‍, സാമുവല്‍ എറ്റു, ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് അങ്ങനെ പോകുന്നു ആ വമ്പന്മാരുടെ നിര. ഗ്രൂപ്പ് ഘട്ടത്തില്‍ വഴങ്ങിയത് ഒരു ഗോള്‍ മാത്രം. പ്രീ ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ് താരം വെസ്ലി സ്നൈഡറുടെ വെടിച്ചില്ലിനും ഹന്റ്ലാറുടെ കാര്‍പ്പറ്റ് ഷോട്ടിനും മുന്നില്‍ മെക്സിക്കോ കീഴടങ്ങുമ്പോഴും ഒച്ചോവ കല്‍ക്കണ്ടം പോലെ മധുരിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന്, ഒച്ചോവയുടെ ജീവിതം മാറുകയാണ്. മെക്സിക്കന്‍ പ്രാദേശിക ലീഗിലും ഫ്രഞ്ച് രണ്ടാം ഡിവിഷന്‍ ഫുട്ബോളിലും മാത്രം ഒതുങ്ങിയിരുന്ന താരം സ്പാനിഷ് ക്ലബ് മലാഗയിലേക്ക് കൂടുമാറി. തിളങ്ങാനായില്ല.. അവസരങ്ങള്‍ കുറഞ്ഞു. ഒടുവില്‍ ഗ്രാനഡയിലേക്ക് ലോണ്‍ അടിസ്ഥാനത്തില്‍ പോവേണ്ടി വന്നു. ഗ്രാനഡയില്‍ ഒരേയൊരു സീസണ് ശേഷം ബെല്‍ജിയം ഫുട്ബോള്‍ ലീഗിലേക്ക്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ലീഗയുടെ താരം. വോള്‍ഗയുടെ തീരത്ത് മറ്റൊരു ലോകകപ്പിന് കുമ്മായവര തെളിഞ്ഞപ്പോള്‍ മെക്സിക്കോയ്ക്ക് ബാറിന് കീഴിലെ വിശ്വസ്ഥനെ ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. 32കാരന്‍ ഒരിക്കല്‍കൂടി മെക്സിക്കന്‍ ജേഴ്സിയില്‍...

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒച്ചോവ നമ്മുടെ കണ്‍മുന്നില്‍ തെളിയുകയാണ്. റഷ്യയില്‍, ആദ്യ മത്സരത്തില്‍, കിരീടം കാക്കനൊരുങ്ങുന്ന ജര്‍മനിയാണ് മുന്നില്‍. ഒച്ചോവയാവട്ടെ ബ്രസീല്‍ ലോകകപ്പ് ഇന്നലെ കഴിഞ്ഞ മട്ടിലാണ്. അതേ ചുറുചുറുക്കോടെ തനിക്ക് നിശ്ചയിച്ച പ്രദേശം കീഴ്പ്പെടുത്താന്‍ അനുവദിക്കില്ലെന്ന മട്ടിലാണ് അയാള്‍. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു, ജര്‍മന്‍ ടാങ്കുകള്‍ മുന്നില്‍ ഒച്ചോവയുടെ അചഞ്ചലതയ്ക്ക് മുന്നില്‍ തലകുനിച്ചു. ജര്‍മന്‍ യന്ത്രങ്ങള്‍ തൊടുത്ത ഒമ്പതു ഷോട്ടുകളാണ് ഒച്ചോവ അന്ന് ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചത്.

ജര്‍മന്‍ ടാങ്കുകള്‍ മുന്നില്‍ ഒച്ചോവയുടെ അചഞ്ചലതയ്ക്ക് മുന്നില്‍ തലകുനിച്ചു.

അമാനുഷര്‍ക്ക് എല്ലാം സാധിക്കും. ഒച്ചാവ അവരില്‍പ്പെട്ട ഒരുവനാണ്. ദേഹം മുഴുവന്‍ മൂര്‍ച്ചേറിയ കണ്ണുകളുള്ള ഒരപൂര്‍വ ജന്മം. ലോകകപ്പ് ഖത്തറിലേക്കെത്തുമ്പോള്‍ ഒച്ചോവയ്ക്ക് 36 വയസ്. ഒരു ലോകകപ്പിന് കൂടിയുള്ള കരുത്ത് അയാളില്‍ ബാക്കിയുണ്ട്. അറേബ്യന്‍ നാട്ടിലെ മണല്‍ വിരിപ്പില്‍ ഉയരുന്ന ഗോള്‍ പോസ്റ്റിനു കീഴില്‍ ആ അമാനുഷന്റെ മാറാല കൈകള്‍ പന്തുകളെ തേടിയെത്തുമെന്ന് പ്രതീക്ഷിക്കാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ
ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു