വിവാദ യൂണിഫോം ഫോട്ടോഷോപ്പെന്ന് പ്രിന്‍സിപ്പല്‍; സ്കൂളിനെതിരെ ബാലാവകാശ കമ്മീഷനില്‍ പരാതി

By Web DeskFirst Published Jun 4, 2017, 3:05 PM IST
Highlights

കോട്ടയം: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന ഈരാറ്റുപേട്ട അരുവിത്തുറയിലെ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിലേത് എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം ഫോട്ടോ ഷോപ് ചെയ്തതാണെന്ന് സ്‌കൂളിന്റെ വിശദീകരണം. 

ഫോട്ടാഗ്രഫറായ സക്കറിയ പൊന്‍കുന്നം ഫേസ്ബുക്കിലിട്ട ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് സ്‌കൂളിന്റെ വിശദീകരണം.  'ഇത് അരുവിത്തുറയിലുള്ള ഒരു സ്‌കൂളിലെ യൂണിഫോം എന്തൊരു മ്ലേഛമായിട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് നോക്കുക. പ്രതികരിക്കുക'എന്ന കുറിപ്പോടു കൂടിയാണ് സക്കറിയ പൊന്‍കുന്നം ചിത്രം പോസ്റ്റ് ചെയ്തത്. 

എന്നാല്‍ സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ തന്നെ വിശദീകരണവുമായെത്തി. സ്‌കൂളിലെ രക്ഷാകര്‍ത്താക്കളുടെ സംഘടനയായ പി.ടി.എ അറിവോടെയും സമ്മതത്തോടെയുമാണ് യൂണിഫോം ഡിസൈന്‍ ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദികരണം. യഥാര്‍ത്ഥ യൂണിഫോമും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നവയും തമ്മില്‍ വ്യത്യാസമുണ്ട്. 

സ്‌കൂളിന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മോശമായി ഫോട്ടോഷോപ്പ് ചെയ്ത യൂണിഫോം അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂളിന്റേത് എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കിയ യൂണിഫോം കുട്ടികളെ അപമാനിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി നൗഷാദ് ഷൗക്കത്തലി സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളിന്റെ വിശദീകരണത്തെ തള്ളി ചിത്രമെടുത്ത സക്കറിയ പൊന്‍കുന്നവും സ്‌കൂളിനെതിരെ രംഗത്ത് വന്നു.

click me!