ആം ആദ്മിക്ക് അഞ്ച് വയസ്സിലേക്ക്: ബിജെപിയെ കാത്തിരിക്കുന്നത്‌ യുപിഎയുടെ ഗതിയെന്ന് കെജ്രിവാള്‍

By Web DeskFirst Published Nov 26, 2017, 6:45 PM IST
Highlights

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കമറിച്ചുകൊണ്ട് രൂപം കൊണ്ട് ആം ആദ്മി പാര്‍ട്ടി ആറാം വര്‍ഷത്തിലേക്ക്. 2012 ഡിസംബറിലാണ് അണ്ണാ ഹസാരേയുടെ അഴിമതി വിരുദ്ധ പോരാട്ടത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ആം ആദ്മി പാര്‍ട്ടി ജന്മം കൊള്ളുന്നത്. 

അഞ്ചാം വാര്‍ഷികം ആഘോഷിക്കാന്‍ ഡല്‍ഹി രാംലീല മൈതാനിയില്‍ ചേര്‍ന്ന യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആം ആദ്മിയുടെ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളായ അശുതോഷ് ഗോപാല്‍ റായി, കുമാര്‍ ബിശ്വാസ്, അതീഷി മര്‍ലേന തുടങ്ങിയവര്‍ സംബന്ധിച്ചു. 

കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ചു സംസാരിച്ച കെജ്രിവാള്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പല നീക്കങ്ങളും നടത്തിയെന്നും ആരോപിച്ചു.എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് മികച്ച സേവനം ഡല്‍ഹിക്ക് നല്‍കാന്‍ ആംആദ്മിസര്‍ക്കാരിന് സാധിച്ചു കെജ്രിവാള്‍ പറയുന്നു. 

കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഡല്‍ഹി ഭരിച്ച ഏതൊരു സര്‍ക്കാരിനേക്കാളും മികച്ച പ്രകടനമാണ് ആം ആദ്മി സര്‍ക്കാര്‍ നടത്തിയത്. ഇതേ പൊലെ ഭരിച്ചു കാണിക്കൂ എന്നാണ് ആം ആദ്മിയെ എതിര്‍ക്കുന്നവരോട് എനിക്ക് പറയാനുള്ളത്. ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് തുച്ഛമാണ്, വെള്ളം സൗജന്യമാണ്, ഡല്‍ഹിയിലെ ആശുപത്രികളില്‍ സൗജന്യമരുന്നും സൗജന്യമെഡിക്കല്‍ ടെസ്റ്റുകളുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളെല്ലാം അടിമുടി മാറിക്കഴിഞ്ഞു... ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി.

അഴിമതിയുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിന്റെ അതേ നിലവാരത്തിലേക്ക് ബിജെപി എത്തിക്കഴിഞ്ഞു. വ്യാപം അഴിമതിയും, റാഫേല്‍ അഴിമതിയും, ബിര്‍ള-സഹാറ ഡയറികളും എന്തിനേറെ ജഡ്ജിമാര്‍ പോലും ഇന്ന് ഈ രാജ്യത്ത് സുരക്ഷിതരല്ല. അന്ന് കോണ്‍ഗ്രസിനെ പിഴുതെറിഞ്ഞ പോലെ ഇനി ബിജെപിയേയും പിഴുതെറിയേണ്ട സന്ദര്‍ഭം വരികയാണ് - കെജ്രിവാള്‍ പറഞ്ഞു. 

പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് കഴിഞ്ഞ 70 വർഷം കൊണ്ട് സാധിക്കാത്തത് വെറും മൂന്നു വർഷം കൊണ്ട് സാധിച്ചവരാണ് നരേന്ദ്ര മോദി സർക്കാരെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രാജ്യത്തെ ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കാനാണ് ഇക്കൂട്ടരുടെ ശ്രമമെന്ന് കേജ്രിവാൾ വിമർശിച്ചു


 

click me!