എന്‍എസ്‌ജി അംഗത്വം: ഇന്ത്യയുടെ സാധ്യത മങ്ങുന്നു

By Web DeskFirst Published Jun 23, 2016, 12:41 PM IST
Highlights

ദക്ഷിണ കൊറിയയിലെ സോളില്‍ പുരോഗമിക്കുന്ന ആണവ വിതരണ സംഘത്തിന്റെ പ്‌ളീനറി സമ്മേളനത്തില്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങളെ അംഗങ്ങളാക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍, തുര്‍ക്കി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ന്യൂസിലാന്റ്  തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍പ്പുമായി എഴുന്നേറ്റു. അമേരിക്ക, മെക്‌സികോ ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ ഇന്ത്യയെ അംഗമാക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത രാഷ്ട്രങ്ങളെ ഉള്‍പ്പെടുത്തുന്നതിന്റെ സാങ്കേതികവശങ്ങളെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയും നടന്നു. അംഗത്വം കിട്ടാന്‍ ചൈനയുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തി. യോഗ്യത കണക്കാക്കി നിഷ്‌പക്ഷമായ നിലപാട് ചൈന സ്വീകരിക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ, നിലപാട് മയപ്പെടുത്താന്‍ ചൈന തയ്യാറായിട്ടില്ല എന്നാണ് സൂചന. ആണവ വിതരണ സംഘത്തിലെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണ ഉറപ്പിക്കാനായാല്‍ മാത്രമെ ഇന്ത്യക്ക് അംഗത്വം കിട്ടുകയുള്ളു. പ്‌ളീനറി സമ്മേളനത്തില്‍ വെള്ളിയാഴ്ച വീണ്ടും ഇന്ത്യയുടെ അംഗത്വ വിഷയം ചര്‍ച്ചയ്ക്ക് വരും. അതിന് മുമ്പ് ഇപ്പോള്‍ എതിര്‍പ്പുമായി എഴുന്നേറ്റ രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്ക് നേടിയെടുക്കാന്‍ ആകണം. അല്ലെങ്കില്‍ ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം സംബന്ധിച്ച അനിശ്ചിതത്വം തുടരും.

click me!