
തിരുമല: തിരുമല തിരപ്പതി ദേവസ്ഥാനവും മുന്‍ മുഖ്യ കാര്‍മികനായ എവി രമണ ദീക്ഷിതുലുവും തമ്മിലുള്ള പ്രശ്നങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക്. ഗരുഡപൂജയ്ക്കിടെ പൊട്ടിപ്പോയ മാണിക്കയക്കല്ലിന്‍റെ പാതി അഞ്ഞൂറ് കോടി രൂപയ്ക്ക് ജനീവയില്‍ വില്‍പന നടത്തിയതായി സംശയമുണ്ടെന്നാണ് ദീക്ഷിതുലുവിന്‍റെ ആരോപണം.
69കാരനായ ദീക്ഷിതുലു, കാണാതായ ആഭരണങ്ങളെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഇതോടെ വിവാദം കൂടുതല്‍ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
ആന്ധ്രാപ്രദേശിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക ശേഷിയുള്ള ക്ഷേത്രമാണ് തിരുപ്പതി. വിലപിടിപ്പുള്ള ആഭരണങ്ങളും രത്നങ്ങളുമടക്കം ട്രസ്റ്റിന് കീഴിലാണ് ഇപ്പോള്‍ സൂക്ഷിച്ച് വരുന്നത്. എന്നാല്‍ ദേവസ്ഥാനത്തിന്‍റെ പുതിയ ചുമതലക്കാര്‍ സമ്പാദ്യം ഓരോന്നായി കട്ടെടുത്ത് വില്‍ക്കുകയാണെന്ന് മുന്‍ കാര്‍മികന്‍ ദീക്ഷിതുലു ആരോപിക്കുന്നു.
അതേസമയം അഗമ ശാസ്ത്രം അനുവദിക്കുകയാണെങ്കില്‍ തിരുമലയിലെ ആഭരണങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാമെന്ന് ദേവസ്ഥാനം എക്സിക്യുട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗല്‍ അറിയിച്ചു. നേരത്തെ അഗമശാത്രം അനുസരിച്ച് ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നാണ് കരുതുന്നതെന്നും എന്നാല്‍ ഉന്നത തലത്തില്‍ റിപ്പോര്‍ട്ട് വന്നാലേ തീരുമാനിക്കുകയുള്ളൂവെന്നും സിംഗല്‍ പറഞ്ഞിരുന്നു..
1945ല്‍ മൈസൂരു രാജാവ് സംഭാവന ചെയ്തതാണ് മാണിക്യക്കല്ല്. എന്നാല്‍ ഈ കല്ല് 2001ലെ ബ്രഹ്മോത്സവ ഗരുഢസേവയ്കക്കിടെ പൊട്ടിയിരുന്നു. തുടര്‍ന്ന് ഇത് റവന്യൂ വകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് ജഗന്നാഥ റാവു കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിരമിക്കല്‍ പ്രായവുമായി ബന്ധപ്പെട്ട തിരുപ്പതിയിലെ തര്‍ക്കങ്ങള്‍ മോഷണ ആരോപണങ്ങളില്‍ വരെ എത്തിയിരിക്കുകയാണിപ്പോള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam