കാസര്‍കോഡ് എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം; കള്ളന്മാര്‍ സിസിടിവിയില്‍

By Web DeskFirst Published Oct 1, 2017, 12:53 PM IST
Highlights

കാസര്‍കോഡ്: കാസര്‍കോട് പെരിയയില്‍ എ.ടി.എം തകര്‍ത്ത് കവര്‍ച്ചാ ശ്രമം. ദേശീയ പാതയ്ക്കടുത്തുള്ള കാനറാ ബാങ്ക് എ.ടി.എമ്മാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. പണം നഷ്ടപ്പെട്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രാവിലെ നാലുമണിയ്ക്ക്  പെട്രോളിങിനെത്തിയ ബേക്കല്‍ സ്റ്റേഷനിലെ പൊലീസ് സംഘമാണ് കവര്‍ച്ച ശ്രമം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് വിവരം അറിയിക്കുകയായിരുന്നു. 

മുഖംമൂടിയണിഞ്ഞ രണ്ടു പേര്‍ കൗണ്ടറില്‍ പ്രവേശിച്ച് ചുറ്റികയും കൈമഴുവും ഉപയോഗിച്ച് എടിഎം തകര്‍ക്കുന്നത് സി.സി ടിവി ക്യാമറ ദൃശ്യങ്ങളില്‍ ഉണ്ട്. എ.ടി.എം തകര്‍ത്തെങ്കിലും  പണം നിക്ഷേപിക്കുന്ന പെട്ടി തുറക്കാന്‍ മോഷ്ടക്കള്‍ക്ക് സാധിച്ചില്ലെന്നാണ് പൊലീസിന്റെയും ബാങ്ക് അധികൃതടേയും നിഗമനം. എടിഎം ഭാഗീകമായി പൊളിച്ച് കഴിയുമ്പോഴാണ് കൗണ്ടറിനകത്തെ സിസിടിവി ക്യാമറ  മോഷ്ടാക്കളുടെ ശ്രദ്ധയില്‍പെടുന്നത്. ഉടനെ ഈ ക്യാമറയും സംഘം തകര്‍ക്കുന്നുണ്ട്. 

പിന്നീട് എടിഎം കൗണ്ടറിനകത്ത് എന്ത് നടന്നെന്ന് വ്യക്തമല്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് 20 ലക്ഷം രൂപ ഈ എടിഎമ്മില്‍ നിക്ഷേപിച്ചത്. നാലുലക്ഷം രൂപ പിന്‍വലിച്ചതായി ബാങ്കിന്റെ പക്കല്‍ രേഖകളുണ്ട്. സാങ്കേതിക വിദഗ്ദ്ധര്‍ എത്തി ബോക്‌സ് തുറന്നാല്‍ മാത്രമെ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാകു. 

ദേശീയ പാതയോട് ചേര്‍ന്നുള്ള എടിഎം കൗണ്ടറിന് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടില്ല. പൊലീസും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി  പരിശോധന നടത്തി.കഴിഞ്ഞ മാസം 21 ന് കണ്ണൂര്‍ ഇരിക്കുറില്‍ സമാനമായ രീതിയില്‍ മോഷണശ്രമം നടന്നിരുന്നു. ഈ സംഘം തന്നെയാണ് പെരിയയിലെ കവര്‍ച്ച ശ്രമത്തിന് പിന്നിലും എന്നാണ് പൊലീസ് നിഗമനം. രണ്ട് കേസുകളും ഒരുമിച്ച് അന്വേഷിക്കുവാനും നീക്കമുണ്ട്.

click me!