
തിരുവനന്തപുരം: എടിഎം കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ റുമേനിയന്‍ പൗരന്‍ മരിയൻ ഗബ്രിയേൽ സമ്പന്ന കുടുംബത്തിലെ അംഗമാണെന്നും സുഖിച്ച് ജീവിക്കാനാണ് ഇയാൾ മോഷണം നടത്തിയതെന്നും പൊലീസ്. മാതാപിതാക്കളുടെ ബിസിനസിൽ ഇയാൾ സഹായിക്കാറുണ്ടെന്നും പക്ഷെ മടിയനും അലസനുമാണ് ഗബ്രിയേലെന്നും ചോദ്യംചെയ്യലിൽ മനസിലായതായി പൊലീസ് പറയുന്നു. എടിഎം തട്ടിപ്പ് വളരെ എളുപ്പമാണെന്നാണ് ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞത്. റൊമേനിയയിലുള്ള ഇയാളുടെ കുടുംബത്തെ പൊലീസ് അറസ്റ്റ് വിവരം അറിയിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് മരിയൻ ഗബ്രിയേൽ കൃത്യമായി മറുപടി നൽകുന്നില്ല. നിയമസഹായം വേണമെന്നും നാട്ടിലേക്ക് അയക്കണമെന്നുമാണ് ഇയാൾ പൊലീസിനോട് തുടർച്ചയായി ആവശ്യപ്പെടുന്നത്. കൂട്ടുപ്രതികൾ രാജ്യം വിട്ടു എന്നാണ് ഗബ്രിയേലിന്റെ മൊഴി. അതേസമയം ഗബ്രിയേലിന്റെ അറസ്റ്റിന് ശേഷവും മുംബൈയിൽനിന്നും വ്യാജ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചിട്ടുണ്ട്. ഇതോടെ സംഘത്തിൽ ഇനിയും ആളുകളുണ്ടെന്ന അനുമാനത്തിലാണ് പൊലീസ്. തട്ടിപ്പുസംഘത്തിന് മുംബൈയിൽ സഹായികളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ഒന്നുകിൽ ഗബ്രിയേൽ കള്ളം പറയുന്നു. അല്ലെങ്കിൽ സംഘത്തിൽ നാലാളെ കൂടാതെ പിന്നേയും തട്ടിപ്പുകാരുണ്ടാകും. ഈ സാധ്യത മുന്നിൽകണ്ട് കേരളപൊലീസിലെ ഒരു സംഘം ഇപ്പോഴും മുംബൈയിൽ തങ്ങി അന്വേഷണം തുടരുകയാണ്. മുംബൈയിൽ എടിഎം തട്ടിപ്പുകാർക്ക് പ്രാദേശികമായി എന്റെങ്കിലും സഹായങ്ങൾ കിട്ടിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. വിദേശികൾ ഉൾപെട്ട എടിഎം തട്ടിപ്പുകേസുകൾ ഇതിനുമുന്നും മുംബൈയിൽ രജിസ്റ്റർ ചെയ്തിരുന്നു. അന്ന് അറസ്റ്റിലായ പ്രതികൾക്ക് ഇപ്പോഴത്തെ തട്ടിപ്പുസംഘവുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam