സൂക്ഷിക്കുക... എടിഎം കവർച്ചക്കാരുടെ പുതിയ സംഘം കേരളത്തിലെത്തിയെന്ന് പോലീസ്

By Web DeskFirst Published Jun 21, 2018, 10:23 AM IST
Highlights
  • ഹരിയാനയില്‍ നിന്നുള്ള സംഘമാണ് എത്തിയിരിക്കുന്നതെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പേർട്ട് ചെയ്തു.  

തിരുവനന്തപുരം:  മഴക്കാലം ശക്തമായതോടെ കേരളത്തിലേക്ക് ഇതരസംസ്ഥാന മോഷ്ടാക്കളുടെ പുതിയ സംഘങ്ങള്‍ എത്തിയതായി പോലീസ് റിപ്പോർട്ട്. ഇവർ പ്രധാനമായും എടിഎമ്മുകളാണ് കവർച്ച ചെയ്യുന്നത്. ഇത്തവണ ഹരിയാനയില്‍ നിന്നുള്ള സംഘമാണ് എത്തിയിരിക്കുന്നതെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പേർട്ട് ചെയ്തു.  ഇവരുടെ ചിത്രങ്ങളടങ്ങിയ സന്ദേശം വൈകീട്ടോടെ സാമൂഹ്യമാധ്യമങ്ങള്‍ വഴി പോലീസ് പ്രചരിപ്പിച്ചു. ഹരിയാന മേവാത്ത് സ്വദേശികളായ നാല് പേരാണ് ഇത്തവണത്തെ സംഘത്തിലുള്ളതെന്നാണ് പോലീസ് വിലയിരുത്തല്‍. 

കർണ്ണാടകയിലെ എംടിഎം തകർത്ത് പണം കവർച്ച ചെയ്തത് ഈ സംഘമാണെന്ന് കരുതുന്നു.  കൂടാതെ കൊല്ലം ജില്ലയിലെ തഴുത്തലയിലെ എടിഎമ്മില്‍ കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെ രണ്ടാഴ്ച മുമ്പ് മധ്യപ്രദേശ് പോലീസ് ഹരിയാനയില്‍ നടന്ന ഏറ്റുമുട്ടലില്‍ കീഴ്പ്പെടുത്തിയിരുന്നു. ഇവരുള്‍പ്പെടുന്ന സംഘത്തിലെ രക്ഷപ്പെട്ട നാല് പേരാണ് ഇപ്പോള്‍ കേരളത്തിലെത്തിയെന്നാണ് പോലീസ് അനുമാനം. സംഘട്ടനത്തിനിടെ ഇവരുടെ കൈയില്‍ നിന്നും എകെ 47 അടക്കമുള്ള അത്യാധുനിക ആയുധങ്ങളും പിസ്റ്റലുകളും പിടികൂടിയിരുന്നു. 

കവർച്ചയിലൂടെ സംമ്പാദിക്കുന്ന പണമുപയോഗിച്ച് കാശ്മീർ തീവ്രവാദികളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കുന്ന സംഘമാണിതെന്ന് മധ്യപ്രദേശ് പോലീസ് പറയുന്നു. ഈ ആയുധങ്ങളുപയോഗിച്ചാണ് ഇവരുടെ കവർച്ച. രക്ഷപ്പെട്ട നാല് കവർച്ചക്കാരും കേരളത്തിലേക്ക് കടന്നെന്നാണ് വിലയിരുത്തല്‍. ഹരിയാനയില്‍ നിന്നും പിടികൂടിയ രണ്ടുപേരെ തഴുത്തലയിലെ കവർച്ചയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. ഇവരെ ഇന്ന് കേരളത്തിലെത്തിക്കുമെന്നാണ് സൂചന. പോലീസ് പുറത്തുവിട്ട ചിത്രങ്ങളിലുള്ളവരെ തിരിച്ചറിയുകയോ ഇവരെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടുകയോ ചെയ്താല്‍ ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. പോലീസ് ഇവർക്കായി ലോഡ്ജുകളില്‍ പരിശോധന തുടങ്ങി. 

click me!