നടിക്കെതിരായ ആക്രമണം; അനുബന്ധ കുറ്റപത്രത്തിന്‍റെ പരിശോധന ഇന്ന്

By Web DeskFirst Published Nov 23, 2017, 6:35 AM IST
Highlights

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൊലീസ് നൽകിയ അനുബന്ധ കുറ്റപത്രത്തിന്‍റെ പരിശോധന ഇന്ന് നടക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പരിശോധന. നടപടിക്രമങ്ങൾക്ക് ശേഷം കുറ്റപ്പത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് കൈമാറും.

ദിലീപിന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നതിന് അക്കമിട്ട് തെളിവുകൾ നിരത്തുന്നതാണ് പൊലീസ് സമർപ്പിച്ചിരിക്കുന്ന കുറ്റപത്രം. ഗൂഢാലോചനയിൽ ദിലീപിന് നേരിട്ട പങ്കുള്ളതായി പറയുന്ന കുറ്റപ്പത്രത്തിന്‍റെ ഔദ്യോഗിക പരിശോധനയാകും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ നടക്കുക. 650 പേജുള്ള കുറ്റപത്രം,1452 അനുബന്ധ രേഖകൾ,ശാസ്ത്രീയ രേഖകൾ ഉൾപ്പടെ ഗൂഡാലോചന തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങളും,പരിശോധനാ രേഖകളുമാണ് ഇതിലുള്ളത്.

സിനിമാ മേഖലയിൽ നിന്ന് മഞ്ജു വാര്യരും കാവ്യ മാധവനും അടക്കം 50 സാക്ഷികൾ. ആകെമൊത്തം 355 സാക്ഷികൾ. ഇതിൽ 33 പേരുടെ രഹസ്യമൊഴികളുമുണ്ട്. പരിശോധനകൾ പൂർത്തിയാകുന്ന മുറക്ക് കുറ്റപത്രത്തിന്‍റെ പകർപ്പ് പ്രതികൾക്ക് നൽകും. നിലവിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും അന്വേഷണ സംഘത്തിനും പുറമെ മുഖ്യമന്ത്രിക്കുംഎജിയുടെ ഓഫീസിലും കേസിന്‍റെ പബ്ലിക് പ്രോസിക്യൂട്ടറായ സുരേശന്‍റെ പക്കലുമാണ് കുറ്റപത്രത്തിന്‍റെ പകർപ്പുള്ളത്.

കാവ്യാ മാധവനുമായുണ്ടായിരുന്ന അവിഹിതബന്ധം മഞ്ജുവാര്യരെ അറിയിച്ചതിന്‍റെ വൈരാഗ്യത്തിലാണ് നടിയെ ആക്രമിക്കാൻ 1.5 കോടി രൂപക്ക് ദിലീപ് ക്വട്ടേഷൻ കൊടുത്തതെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ പറയുന്നത്. നഗ്നദൃശ്യങ്ങൾ വഴി നടിയുടെ വിവാഹജീവതം തകർക്കുകയായിരുന്നു ദിലീപിന്‍റെ ലക്ഷ്യം. ഇതിനായി ഒരുലക്ഷത്തിപതിനായിരം രൂപ രണ്ടു തവണയായി തൃശൂരിൽവെച്ച് കൈമാറിയെന്നും കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.

click me!