പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ

By Web TeamFirst Published Dec 15, 2018, 10:25 AM IST
Highlights

പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഓസ്ട്രേലിയൻ സർക്കാർ അംഗീകരിച്ചു. പ്രായോഗികമായ സമയത്ത് പടിഞ്ഞാറൻ ജറുസലേമിലേക്ക് ഓസ്‌ട്രേലിയയുടെ എംബസി മാറ്റുന്നത് സംബന്ധിച്ച് ആലോചിക്കുകയാണിപ്പോൾ. പടിഞ്ഞാറെ ജറുസലേമിൽ ഓസ്ട്രേലിയയുടെ പ്രതിരോധ, വ്യാപാര ഓഫീസുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. 

സിഡ്‌നി: പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. ടെല്‍ അവിവിലെ ഓസ്‌ട്രേലിയയുടെ എംബസി പടിഞ്ഞാറന്‍ ജറുസലേമിലേക്ക് മാറ്റാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും മോറിസണ്‍ വ്യക്തമാക്കി. ശനിയാഴ്ച സിഡ്നിയിൽ വച്ചായിരുന്നു മോറിസൺന്റെ പ്രഖ്യാപനം. 

പലസ്തീനിൽ സമാധാനം ഉറപ്പുവരുത്തുന്ന അന്ന് കിഴക്കന്‍ ജറുസലേം തലസ്ഥാനമായി പലസ്തീന്‍ എന്ന രാഷ്ട്രത്തെയും ഓസ്‌ട്രേലിയ അംഗീകരിക്കുമെന്നും സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി ഓസ്ട്രേലിയൻ സർക്കാർ അംഗീകരിച്ചു. പ്രായോഗികമായ സമയത്ത് പടിഞ്ഞാറൻ ജറുസലേമിലേക്ക് ഓസ്‌ട്രേലിയയുടെ എംബസി മാറ്റുന്നത് സംബന്ധിച്ച് ആലോചിക്കുകയാണിപ്പോൾ. പടിഞ്ഞാറെ ജറുസലേമിൽ ഓസ്ട്രേലിയയുടെ പ്രതിരോധ, വ്യാപാര ഓഫീസുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. എംബസിയുടെ പുതിയ സൈറ്റിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും മോറിസൺ വ്യക്തമാക്കി.     

ഇസ്രയേലിനും പലസ്തീനും അവരുടെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാവുന്നതാണ്. എന്നാൽ ഇരുരാഷ്ട്രം എന്ന പരിഹാരം അംഗീകരിക്കുന്നതുവരെ എംബസി മാറ്റില്ലെന്ന് മോറിസൺ വ്യക്തമാക്കി. ജറുസലേമിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് തങ്ങളുടെ തലസ്ഥാനം ജറുസലേമിലേക്ക്  മാറ്റുന്നതിൽനിന്ന് പല രാജ്യങ്ങളും പിൻമാറിയിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റ് ട്രംപ് ഈ വർഷമാദ്യം ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിക്കുകയും യുഎസ് എംബസി ജറുസലേമിലേക്ക് ഏകപക്ഷീയമായി മാറ്റുകയും ചെയ്തിരുന്നു.  

കഴിഞ്ഞ ഒക്ടോബറില്‍ ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതായി മോറിസണ്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പലസ്തീന്‍ അധികൃതരും ഓസ്‌ട്രേലിയയുടെ വാണിജ്യ പങ്കാളിയും ലോകത്തിലെ ഏറ്റവും മുസ്‌ലിം രാഷ്ട്രമായ ഇന്തോനേഷ്യയും രംഗത്തുവന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഏകദൈവവിശ്വാസികളായ മൂന്ന് മതങ്ങള്‍ക്കും ജറുസലേം വിശുദ്ധ നഗരമാണ്. ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും മതപരമായി നിര്‍ണായക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അവിടെയുണ്ട്. 

അവിടെ താമസിക്കുന്നവര്‍ നൂറ്റാണ്ടുകളായി ഈ സ്ഥലത്തിന്റെ ആധിപത്യത്തിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. റോമക്കാര്‍, കുരിശുയുദ്ധക്കാര്‍,  ബ്രിട്ടീഷ് സാമ്രാജ്യം എന്നിവര്‍ നടത്തിയ തേരോട്ടങ്ങള്‍ക്ക് പുറമെ ആധുനിക രാജ്യങ്ങളായ ഇസ്രായേലും അറബ് അയല്‍ക്കാരും ജറുസലേം ആക്രമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ശാശ്വതവും അവിഭാജ്യവുമായ തലസ്ഥാനമാണ് ജെറുസലേമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ കരുതുന്നു. എന്നാല്‍ ഇതിന് ഇതുവരെ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടില്ല.

click me!