സ്വദേശി ജീന്‍സുമായി ബാബാ രാംദേവിന്‍റെ ' പതഞ്ജലി പരിധാന്‍'

By Web DeskFirst Published Jun 15, 2018, 10:15 AM IST
Highlights
  • സ്വദേശി ജീന്‍സുമായി ബാബാ രാംദേവ്
  • പരിധാന്‍ ജീന്‍സ് ഉടന്‍

ദില്ലി: സ്വദേശി സിംകാര്‍ഡ്, സ്വദേശി വാട്സ്ആപ് തുടങ്ങിയവയ്ക്ക് പിന്നാലെ സ്വദേശി ജീന്‍സുമായി രംഗത്തെത്തിയിരിക്കുകയാണ് ബാബാ രാംദേവ്. ബാബരാംദേവിന്‍റെ വസ്ത്ര ബ്രാന്‍റായ പരിധാന്‍ സ്വദേശീയ ജീന്‍സുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ജീന്‍സ് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സൗകര്യപ്രധമായ തരത്തിലാണ് തയ്യാറാക്കുന്നത്.

മറ്റ്  പരിധാന്‍ ഉത്പന്നങ്ങളായ ബെഡ്ഷീറ്റ്, യോഗ വെയര്‍, സ്പോര്‍ട്സ് വെയര്‍, തുടങ്ങിയവ ഇന്ത്യന്‍ സംസ്കാരത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയവയാണ്. ബാബരാംദേവിന്‍റെ പതഞ്ജലിയുടെ മാനേജിംഗ് ഡയറക്ടറും സഹ സ്ഥാപകനുമായി ആചാര്യ ബാലകൃഷ്ണ ഒരു ടെലിവഷന്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് ഇക്കാര്യം. 

ഇന്ത്യന്‍ സംസ്കാരത്തിന് ചേരുന്ന തരത്തിലുള്ള സ്വദേശി ഉത്പന്നങ്ങളാണ് പരിധാന്‍ പുറത്തിറക്കാന്‍ പോകുന്നത്. രാജ്യത്തുടനീളം നൂറോളം ബ്രാഞ്ചുകള്‍ തുറക്കാനും പരിധാന്‍ ലക്ഷ്യമിടുന്നു. പാശ്ചാത്യ ട്രെന്‍റുകളെ പിന്‍പറ്റിയുള്ള നിലവിലെ ജീന്‍സുകളില്‍നിന്ന് വ്യത്യസ്തമായിരിക്കം പരിധാന്‍ ജീന്‍സ്. ജീന്‍സ് ഒരു വിദേശ വസ്ത്രമാണ്. ഒന്നുകില്‍ ഇത് ഉപേക്ഷിക്കുകയോ അല്ലെങ്കില്‍ അവയെ സ്വദേശി വല്‍ക്കരിച്ച് ഉപയോഗിക്കുകയോ ചെയ്യാം. ജീന്‍സ് വളരെ  സാധാരണമായതിനാല്‍ ഉപേക്ഷിക്കുക സാധ്യമല്ല. അതിനാല്‍ പരിധാന്‍ ജീന്‍സ് സ്വദേശി വല്‍ക്കരിക്കപ്പെട്ടതാണെന്നും ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

click me!