കൊലപാതക രാഷ്ട്രീയം; കൊടിയുടെ നിറമേ മാറുന്നുള്ളൂ നഷ്ടം ഒന്നുതന്നെയെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

By Web DeskFirst Published May 11, 2018, 5:31 PM IST
Highlights
  • കൊടിയുടെ നിറമേ മാറുന്നുള്ളൂ
  • നഷ്ടം ഒന്നുതന്നെയെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

മാഹി: കൊലപാതക രാഷ്ട്രീയത്തിനെതിരെ രൂക്ഷമായി പ്രതികരിണവുമായി മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ബാബുവിന്‍റെയും ബിജെപി പ്രവർത്തകൻ ഷമേജിന്‍റെയും കുടുംബം. കൊടിയുടെ നിറമേ മാറുന്നുള്ളൂ നഷ്ടം ഒന്നുതന്നെയെന്ന് ഷമേജിന്‍റെ ഭാര്യയും, ഇനിയാർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ബാബുവിന്‍റെ ഭാര്യ അനിതയും പ്രതികരിച്ചു.  മുൻപ് ആക്രണമുണ്ടായപ്പോൾ പരാതി നൽകിയ ബാബുവിനെതിരെയാണ് മാഹി പൊലീസ് നടപടിയെടുത്തതെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മൂന്ന് കുട്ടികളാണ് ബാബുവിനുള്ളത്. ഭാര്യയും പ്രായമായ അമ്മയും അസുഖബാധിതനായ സഹോദരനും അടക്കമുള്ള കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു ബാബു. 2016 ൽ ബാബുവിനെതിരെ ആക്രമണം നടത്താൻ ശ്രമിച്ചവർ തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്നും അന്ന് മാഹി പൊലീസിൽ പരാതി നൽകിയിരുന്നെന്നും സഹോദരൻ പറയുന്നു

കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ഷമേജിന്‍റെ വീട്ടിലെ അവസ്ഥയും വ്യത്യസ്തമല്ല.  രാഷ്ട്രീയമല്ല, മനുഷ്യജീവനാണ് വലുതെന്ന് ഉറ്റവർ പറയുന്നു. ഇരു കൊലപാതകങ്ങളിലും അന്വേഷണത്തിൽ കാര്യമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.  ബാബു വധക്കേസിൽ പുതുച്ചേരി പൊലീസ് പ്രത്യേക ദൗത്യസേന രൂപീകരിച്ചിട്ടുണ്ട്.  ഷമേജ് വധത്തിൽ ഫോൺ രേഖകൾ പരിശോധിച്ച് പ്രതികളിലേക്കെത്താനുള്ള ശ്രമത്തിലാണ് ന്യൂമാഹി പൊലീസ്.

click me!