കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ചു: മലയാളി നേഴ്‌സിന് മെല്‍ബണില്‍ തടവുശിക്ഷ

By Web DeskFirst Published Sep 7, 2017, 5:55 PM IST
Highlights

മെല്‍ബണ്‍: കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ മലയാളി നേഴ്‌സിന് മെല്‍ബണില്‍ തടവുശിക്ഷ. ഡിംപിള്‍ ഗ്രേസ് തോമസിനെയാണ് (38) മെല്‍ബണിലെ കൗണ്ടി കോടതി ശിക്ഷിച്ചത്. ഡിംപിള്‍ ഓടിച്ച കാറിടിച്ച് ഓസ്‌ട്രേലിയന്‍ യുവതിയുടെ 28 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചുവെന്നാണ് കേസ്. ഡിംപിള്‍ ഓടിച്ച കാര്‍ ഓസ്‌ട്രേലിയന്‍ യുവതി ആഷ്‌ലിയെ അലെന്‍ ഓടിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകട സമയത്ത് യുവതി 28 ആഴ്ച ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും മൂന്ന് ദിവസത്തിന് ശേഷം കുട്ടി മരിച്ചു. വണ്‍ വേയിലൂടെ ട്രാഫിക് നിയമം ലംഘിച്ച് മുന്നോട്ട് വന്ന ഡിംപിളിന്‍റെ കാര്‍ ഓസീസ് യുവതിയുടെ കാറില്‍ ഇടിക്കുകയായിരുന്നു. രണ്ടര വര്‍ഷത്തെ തടവുശിക്ഷയില്‍ 15 മാസത്തെ തടവുശിക്ഷ അനുഭവിച്ചതിന് ശേഷമേ ഡിംപിളിന് പരോള്‍ പോലും ലഭിക്കൂ. 

ശിക്ഷാ കാലാവധി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഡിംപിളിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കും. കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഡിംപിള്‍ ജാമ്യത്തിലായിരുന്നു. കര്‍ശന വ്യവസ്ഥയില്‍ ജാമ്യത്തില്‍ കഴിയവെയാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചത്. ഡിംപിളിന്റെ പാസ്‌പോര്‍ട്ട് അടക്കം കോടതി പിടിച്ചു വച്ചിരിക്കുകയാണ്. 

ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തതിനാല്‍ റോഡ് വണ്‍ വേ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആയിരുന്നു ഡിംപിളിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഡിംപിള്‍ വിദ്യാസമ്പന്നയാണെന്നും അവര്‍ ഓസ്‌ട്രേലിയയിലെ അഭിമുഖത്തില്‍ ഇംഗ്ലീഷിലാണ് സംസാരിച്ചതെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് ഡിംപിളിന്റെ വാദം തള്ളിയ കോടതി രണ്ട് വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.

click me!