
ബാങ്കിംഗ് സേവനങ്ങൾക്കായി വ്യാപകമായി ചാർജ്ജുകൾ ഏർപ്പെടുത്തി തുടങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും സേവനങ്ങളിലെ കാണാക്കണക്കുകളും കൊള്ളകളും പലതും ആളുകള്‍ തിരിച്ചറിഞ്ഞ് വരുന്നതേയുള്ളു. നോട്ട് നിരോധനസമയത്ത് എടിഎം ഉപയോഗത്തിന്റെ നിരക്കുകൾ വലിയ ചർച്ചയാകുകയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ബാങ്കുകൾ നിരക്ക് കുറയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ അക്കൌണ്ടിൽ നിന്നും 59 രൂപ നഷ്ടപ്പെട്ട ഒരു എസ്.ബി.ഐ. അക്കൌണ്ട് ഉടമ കാര്യമറിയാനായി ബാങ്കിന്റെ സർവ്വീസ് സെന്ററിലേക്കു വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പലരും ശ്രദ്ധിക്കാതെപോയ ഒരു നിരക്കിനെക്കുറിച്ചും പൊതുജനശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളത്.
സോഷ്യൽ മീഡിയകളിൽ വ്യാപകമായ പ്രചരണവും പ്രതിഷേധവുമാണ് ഈ ഓഡിയോ ക്ലിപ്പ് ഉയർത്തുന്നത്. സ്വന്തം അക്കൌണ്ടിലേക്ക് ബ്രാഞ്ചുകൾ വഴി മൂന്നിലധികം തവണ പണം ഇട്ടാലോ രണ്ടിലധികം തവണ പണം പിൻവലിച്ചാലോ 59 രൂപ പിഴ ചുമത്തുകയാണ് ബാങ്കുകൾ എന്ന് വെളിപ്പെടുത്തുകയാണ് ഈ ഓഡിയോ ക്ലിപ്പ്. എസ്.ബി.ഐ ബാങ്കിംഗ് സേവനങ്ങള്‍ക്കായി നിരക്ക് വര്‍ദ്ധന നടപ്പാക്കിയത് ഏകദേശം ഒരു വര്‍ഷത്തിനു മുന്‍പാണ്. ഇത്ര കാലമായിട്ടും എ.ടി.എം ഇടപാടുകള്‍ക്കും മിനിമം ബാലന്‍സ് ഇല്ലാത്തതിനും ചുമത്തുന്ന ഫീസ് ഒഴികെയുള്ള മറ്റു നിരക്കുകളെപ്പറ്റി ഇപ്പോഴും ഉപഭോക്താക്കള്‍ക്ക് വലിയ ധാരണയൊന്നും ഇല്ല എന്നതാണ് വാസ്തവം. മുഷിഞ്ഞ നോട്ടുകൾ മാറി എടുക്കുന്നതിനു തൊട്ട് മൂന്നിൽ കൂടുതൽ തവണ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനു വരെ എസ്.ബി.ഐ അധിക ചാര്‍ജ്ജ് ഈടാക്കുന്നു.
മൂന്നു തവണയില്‍ കൂടുതൽ പണം നിക്ഷേപിച്ചാല്‍ 50 രൂപയും ജിഎസ്ടിയും ചേര്‍ത്ത് 59 രൂപയാണ് എസ്.ബി.ഐ ഈടാക്കുന്നത്. എത്ര കുറഞ്ഞ തുക അക്കൗണ്ടില്‍ നിക്ഷേപിച്ചാലും ഓരോ തവണയും 59 രൂപ ചാര്‍ജ്ജ് ആയി നല്‍കേണ്ടി വരും. അതായത്, നാലാമത്തെ തവണ 10 രൂപയാണ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിലും 59 രൂപ ബാങ്കിന് നല്‍കണമെന്ന് ചുരുക്കം.
സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കിലും ബാങ്ക് പണം ഈടാക്കും. രണ്ടു തവണ മാത്രമേ ബ്രാഞ്ചുകൾ വഴി അക്കൗണ്ടില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാൻ ബാങ്ക് അനുവദിക്കുന്നുള്ളൂ. മൂന്നാമത് പണം എടുക്കണമെങ്കില്‍ 50 രൂപയും ജിഎസ്ടിയും ചേര്‍ത്ത് 59 രൂപ കൊടുക്കണം. എന്നാല്‍ അക്കൌണ്ടിലെ പ്രതിമാസ ബാലൻസ് തുക അധികമായവർക്ക് ഇതിൽ ഇളവുകളുണ്ട്. പ്രതിമാസ ബാലൻസ് തുക 25,000 ത്തിനു മുകളില്‍ ആണെങ്കിൽ 10 തവണയും 50,000 ത്തിനു മുകളിൽ ആണെങ്കില്‍ 15 തവണയും ചാർജ്ജില്ലാതെ പണം എടുക്കാൻ സാധിക്കും. ഒരു ലക്ഷത്തിനു മുകളിൽ പ്രതിമാസ ബാലൻസ് ഉള്ളവർക്ക് എല്ലാ പിൻവലിക്കലും സൌജന്യമായി ചെയ്യാം. ചുരുക്കത്തിൽ വലിയ ബാങ്ക് ബാലൻസുകൾ ഇല്ലാത്ത ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും ബാങ്കിംഗ് സേവനത്തിനായി വലിയ നിരക്കുകൾ നൽകേണ്ടിവരുമെന്ന് സാരം. ഇതിന്‍റെ വിവരങ്ങള്‍ എസ്.ബി.ഐയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
എന്നാല്‍ കാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയോ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ വഴിയോ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് നിലവിൽ ചാർജ്ജുകൾ ചുമത്തിയിട്ടില്ല. അപ്പോഴും ഇത്തരം സൌകര്യങ്ങൾ ഉപയോഗിക്കാനാകാത്ത സാധാരണക്കാർക്കാണ് പിഴശിക്ഷ!
ഓഡിയോ ക്ലിപ്പ് എസ്.ബി.ഐ. യെക്കുറിച്ചാണെങ്കിലും മറ്റു പൊതുമേഖലാ-സ്വകാര്യബാങ്കുകളിലും ഇതേ കഴുത്തറപ്പൻ സമീപനം തന്നെയാണെന്നു വിശദമാക്കുന്ന മറ്റൊരു സോഷ്യൽ മീഡിയ സന്ദേശവും എസ്.ബി.ഐ. ബാങ്കുമായി ബന്ധപ്പെട്ടവരിൽ നിന്നും പ്രചരിക്കുന്നുണ്ട്. എസ്.ബി.ഐ. യെ ടാർഗറ്റ് ചെയ്യുന്നത് പൊതുമേഖലയെ തകർക്കാനാണെന്നും സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കാനുമാണ് ഈ സന്ദേശത്തിലെ ആഹ്വാനം.
ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് പോലുള്ള പൊതു ബാങ്കുകളിലേയും എച്ച്.ഡി.എഫ്.സി. പോലുള്ള സ്വകാര്യ ബാങ്കുകളിലേയും അക്കൗണ്ട് ഉടമ സ്വന്തം അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനുള്ള പരിധികളും ചാർജ്ജുകളും വിശദീകരിച്ചുകൊണ്ടാണ് ഈ സന്ദേശം. എന്നാൽ അതിൽ നിന്നും തന്നെ മറ്റുള്ളവയേക്കാൾ കൂടുതലാണ് എസ്.ബി.ഐ.യുടെ നിരക്കുകളെന്നും വ്യക്തമാകുന്നുണ്ട്. സ്വകാര്യബാങ്കുകളെപ്പോലെ ജനങ്ങളെ കൊള്ളയടിക്കാൻ തന്നെയാണോ രാജ്യത്തിന്റെ സ്റ്റേറ്റ് ബാങ്ക് എന്ന ചോദ്യവും അതുയർത്തുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam