ഒരുകോടി ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വില്‍പനയ്‌ക്ക്; ദില്ലിയില്‍ യുവാവ് പിടിയിലായി

By Web DeskFirst Published Apr 14, 2017, 9:35 AM IST
Highlights

ദില്ലി: ഒരു കോടിയോളം ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈവശമുള്ള യുവാവ് ദില്ലിയില്‍ പിടിയിലായി. പുരന്‍ ഗുപ്‌ത എന്നയാളെയാണ് ദില്ലി പൊലീസ് പിടികൂടിയത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ വ്യാജ കോള്‍ സെന്ററുകള്‍ക്ക് വിറ്റു തട്ടിപ്പ് നടത്തുകയായിരുന്നു പുരന്‍ ഗുപ്‌ത. അക്കൗണ്ട് വിവരങ്ങള്‍ വാങ്ങുന്ന വ്യാജ കോള്‍ സെന്ററുകള്‍ ഒടിപിയും (വണ്‍ ടൈം പാസ്‌വേഡ്) ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡിലെ സി വി വി നമ്പരും ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് പണം കവരും. ഒരു ബാങ്ക് അക്കൗണ്ട് വിവരത്തിന് 20 പൈസ വീതമാണ് പുരന്‍ ഈടാക്കിയിരുന്നത്. ഗ്രേറ്റര്‍ കൈലാഷില്‍നിന്നുള്ള എന്‍പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗണേഷ് നഗറില്‍നിന്ന് ദില്ലി പൊലീസ് പുരന്‍ ഗുപ്‌തയെ പിടികൂടിയത്.

ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈവശപ്പെടുത്തി 1.46 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് ഇയാള്‍ പിടിയാലയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതതോടെയാണ് ലക്ഷകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈവശമുണ്ടെന്ന വിവരം പുറത്തായത്. എന്നാല്‍ ഈ വിശദാംശങ്ങള്‍ എങ്ങനെ ഇയാള്‍ക്ക് ലഭ്യമായെന്ന് കണ്ടെത്താനായിട്ടില്ല. ഇതിന് പിന്നില്‍ വന്‍ ലോബിയുണ്ടെന്നാണ് വിവരം കൂടുതല്‍ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. തട്ടിപ്പ് നടത്തിയ പണം ഇയാള്‍ പേടിഎം, പേയു, ഓലകാബ്സ്, മൊബിവിക്, വൊഡാഫോണ്‍ ബില്‍ പേ തുടങ്ങിയ ഇ-വാലറ്റുകളിലേക്ക് കൈമാറ്റം ചെയ്യുകയാണ് പതിവ്. ബാങ്ക് അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം വ്യാജ കോള്‍ സെന്റര്‍ ഉടമയായ ആശിഷ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് പുരന്‍ ഗുപ്തയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

click me!