പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍: സുപ്രീംകോടതിവിധി ബാധകമല്ലെന്ന് ഒരു വിഭാഗം ബാറുടമകള്‍

By Web DeskFirst Published Jan 18, 2017, 6:37 AM IST
Highlights

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതിവിധി ബാധകമല്ലെന്ന് ഒരു വിഭാഗം ബാറുടമകള്‍. സുപ്രീംകോടതിവിധി ബാധകമാവില്ലെന്ന് നിയമപദേശം ഉള്‍പ്പെടെ ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയേഷന്‍ മന്ത്രിക്കും അഡ്വേക്കേറ്റ് ജനറലിനും നിവേദനം നല്‍കി.

മാര്‍ച്ച് 31ന് മുമ്പ് പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ പൂട്ടണമെന്നാണ് സുപ്രീംകോടതി വിധി. കോടതിവിധി പ്രകാരം ബെവ്ക്കോയുടെ ഔട്ട്‍ലെറ്റുകളും കള്ള് ഷാപ്പുകളും ബാര്‍, ബിയര്‍ പാര്‍ലറുകളും പൂട്ടേണ്ടിവരുമെന്നായിരന്നു നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വകുപ്പ് നടപടിയും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കോടതി വിധി ബാറുകള്‍ക്കും ബാര്‍ ഹോട്ടലുകള്‍ക്കും ബാധകമല്ലെന്നാണ് ഒരു വിഭാഗം ബാറുടകളുടെ നിലപാട്.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അജിത് പ്രകാശ് ഷാ, പരേക്ക് ആന്‍ഡ് കമ്പനി എന്നിവരുടെ നിയമോപദശത്തിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ ഹോട്ടലുകളുടെ നിവേദനം. ബാറുകള്‍ വില്‍പ്പനശാലകളെല്ലെന്നും മദ്യ വിതരണ കേന്ദ്രങ്ങള്‍ മാത്രമാണെന്നും നിയമപദോശത്തില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന നിവദേനത്തില്‍ ആവശ്യപ്പെട്ടതായി ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് അസോസിയഷന്‍ പ്രസിഡന്റ് വി.എം.രാധാകൃഷ്ണന്‍ പറഞ്ഞു. എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിവദേനം നല്‍കിയിട്ടുള്ളത്. ബാറുടകളുടെ നിവേദനം പരിശോധിച്ചിട്ടില്ലെന്ന് എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

 

click me!