സുപ്രീംകോടതി വിലക്ക് മറികടക്കാന്‍ പുതിയ ആവശ്യവുമായി ബാർ ഉടമകൾ

By Web DeskFirst Published Jun 9, 2017, 10:19 AM IST
Highlights

തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്‍റെ  മദ്യ നയത്തിനു പിന്നാലെ പുതിയ ആവശ്യവുമായി ബാറുടമകൾ. ദേശീയ-സംസ്ഥാന  പാതയോരത്തുളള ത്രീസ്റ്റാറിനുമുകളിലുളള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് വേണമെന്നാണ് ആവശ്യം. സുപ്രീംകോടതി വിധി മറികടക്കാൻ ഹോട്ടലിന് അരകിലേമീറ്റർ അപ്പുറത്ത് ബാർ മാത്രമായി തുറക്കാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.   

സംസ്ഥാനസർക്കാരിന്‍റെ പുതിയ മദ്യ നയം കൊണ്ട് ഏറിയ പങ്ക് ഹോട്ടലുകൾക്കും പ്രയോജനമില്ലെന്നാണ് ബാർ ഉടമകളുടെ സംഘടന പറയുന്നത്. സംസ്ഥാനത്ത് ആകെയുളള  815 ഹോട്ടലുകളിൽ  474 എണ്ണമാണ് സുപ്രീംകോടതിയുടെ ദേശീയ-സംസ്ഥാന പാത ഉത്തരവോടെ ബിയർ , വൈൻ അടക്കം  മദ്യവിൽപന നിർത്തിയത്.  പുതിയ നയം അനുസരിച്ച് ദേശീയ സംസ്ഥാന പാതയോരത്തുളള ബിയർവൈൻ പാർലർ അടക്കമുളള മദ്യശാലകൾക്ക്  അതത് താലൂക്കിൽ 500 മീറ്റർ പരിധിക്കപ്പുറത്ത് മാറ്റി സ്ഥാപിക്കാം. 

എന്നാൽ ഇത് കളളുഷാപ്പുകൾക്കും, ബിവറേജസ് ഔട് ലെറ്റുകൾക്കും മാത്രമേ പ്രായോഗികമാകൂ എന്നാണ് ബാർ ഉടമകൾ പറയുന്നത്. കോടികൾ മുടക്കി പണിത ഹോട്ടലുകൾ ദേശീയ സംസ്ഥാന പാതയോരത്തുനിന്ന് മാറ്റാനാകില്ല.  ഇത് മറികടക്കാൻ  ത്രീ സ്റ്റാറിന് മുകളിലുളള ഇത്തരം ഹോട്ടലുകൾക്ക്  ബാർ ലൈസൻസ് അനുവദിക്കണം. ഈ ലൈസൻസിൽ  ദേശീയ പാതയിൽ നിന്ന് അഞ്ഞൂറ് മീറ്റർ മാറി മദ്യവിൽപനക്ക് മാത്രമായി പെർമിറ്റ് റൂം തുറക്കാൻ അനുവാദം വേണം

മറ്റ് രണ്ട് ആവശ്യങ്ങൾ കൂടി ഇവർ ഉന്നയിക്കുന്നുണ്ട്. ബാർ മാത്രമായി മറ്റൊരുടത്ത് തുറക്കാൻ പറ്റില്ലെങ്കിൽ ദേശീയ പാതയോരത്തെുളള ഈ  ഹോട്ടലുകളിലെ മുറികളിൽ മദ്യ വിതരണത്തിന് അനുവദിക്കണം. സർക്കാർ തന്നെ സുപ്രീംകോടതിയിൽ പോയി ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. അതുമല്ലെങ്കിൽ അയൽ സംസ്ഥാനങ്ങൾ ചെയ്തതുപോലെ റോഡുകളുടെ പ്രത്യേക പാതാപദവി സംസ്ഥാന സർക്കാർ എടുത്തുകളഞ്ഞ് വിലക്ക് മറികടക്കണം.

click me!