എക്സിറ്റ് പോള്‍ ഫലങ്ങളല്ല; അന്തിമഫലം വരുമ്പോള്‍ ബിജെപി ഞെട്ടും: ബിജെപി നേതാവ്

By Web DeskFirst Published Dec 17, 2017, 11:06 AM IST
Highlights

പൂനെ: എക്സിറ്റ് പോള്‍ ഫലങ്ങളല്ല, അന്തിമഫലം വരുമ്പോള്‍ ഞെട്ടാന്‍ തയ്യാറായിക്കൊള്ളാന്‍  ബിജെപി രാജ്യ സഭാംഗം സഞ്ജയ് കകഡേ. ഗുജറാത്തില്‍ അടുത്ത സര്‍ക്കാരിനായുള്ള ഭൂരിപക്ഷം ബിജെപിയ്ക്ക് കിട്ടാന്‍ സാധ്യത കുറവാണെന്ന്  സഞ്ജയ് കകഡേ. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളുടെ പിന്നാലെയാണ്  രാജ്യസഭാംഗം തന്നെ ബിജെപിയ്ക്ക് എതിരെ പ്രവചനം നടത്തിയിരിക്കുന്നത്. 

ഗുജറാത്തില്‍ മൃഗീയ ഭൂരിപക്ഷം നേടാന്‍ സാധ്യത ഇല്ലെന്നാണ് സഞ്ജയ്യുടെ അവകാശവാദം. ഗുജറാത്തില്‍ സ്വന്തം നിലയില്‍ നടത്തിയ സര്‍വ്വേകളെ അടിസ്ഥാനമാക്കിയാണ് കകഡേയുടെ പ്രവചനം. വല്ലവിധേനയും പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ അത് പ്രധാനമന്ത്രിയുടെ കഴിവായി മാത്രേ കാണാനേ സാധിക്കൂവെന്ന് സഞ്ജയ് കകഡേ.

സംസ്ഥാനത്തിന്റെ ഗ്രാമീണ മേഖലയില്‍ ആറംഗ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേകളുടെ അടിസ്ഥാനത്തിലാണ് കകഡേയുടെ വാദം. പാര്‍ട്ടിക്കെതിരായ വികാരത്തിന് ഈ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നും കകഡേ പറയുന്നു. വികസനത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല സംസ്ഥാനത്തെ പ്രചാരണമെന്നും കകഡേ കുറ്റപ്പെടുത്തുന്നു. വികാരാധീനമായ പ്രസംഗങ്ങള്‍ മാത്രം പോര ജനങ്ങളെ വിശ്വസിപ്പിക്കാനെന്നും കകഡേ പറയുന്നു. പോയ വര്‍ഷങ്ങളിലെ വികസനമായിരുന്നു പ്രചാരണ വിഷയമാക്കേണ്ടതെന്നും സഞ്ജയ് കകഡേ കൂട്ടിച്ചേര്‍ത്തു. 
 

click me!