
തിരുവനന്തപുരം: സംസ്ഥാനത്ത് യാചക നിരോധനം പൂര്‍ണമായും ഫലപ്രദമായും നടപ്പാക്കുന്നതിനും യഥാര്‍ത്ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി സംസ്ഥാന യാചക നിരോധന ബില്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിയമസഭയില്‍ അഡ്വ. പി.ഐഷാപോറ്റി, എം. എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. താഴെ പറയുന്ന വ്യവസ്ഥകള്‍ കൂടി ബില്ലില്‍ ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.
ഭിക്ഷാടനം നടത്തുന്നവരുടെ കൂട്ടത്തിലുള്ള കുട്ടികളുടെ ഡി.എന്‍.എ. ടെസ്റ്റ് നടത്തിയ ശേഷം, അവരുടെ കുട്ടികളെല്ലെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ കേസ് എടുക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. മോഷ്ടിച്ചുകൊണ്ടുവന്ന കുട്ടികളുമായി ഭിക്ഷാടനം നടത്തുന്ന മാഫിയയ്‌ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍. ഭിക്ഷാടന സംഘത്തോടൊപ്പം കാണപ്പെടുന്ന കുട്ടികളിലെ ശാരീരിക മുറിവുകള്‍ അവ ഭിക്ഷാടനത്തിനുവേണ്ടി ക്യത്രിമമായി സൃഷ്ടിച്ചതാണെന്ന് തെളിയുന്ന പക്ഷം സ്വീകരിക്കേണ്ട നടപടികള്‍. കുട്ടികളെ തട്ടിക്കൊണ്ടുവന്ന്, ലൈംഗീക ചൂഷണം നടത്തുക, ദുരുപയോഗം ചെയ്യുക, മറ്റ് ശാരീരിക, മാനസിക പീഡനത്തിന് ഇരയാക്കുക തുടങ്ങിയ വൈകൃതങ്ങള്‍ക്കെരതിരെ സ്വീകരിക്കേണ്ട നടപടികള്‍. അനാരോഗ്യപരമായ സാഹചര്യങ്ങളില്‍ കുട്ടികളെ പാര്‍പ്പിക്കുന്നതിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍.
ബാലഭിക്ഷാടനം തടയുന്നതിനായി വിവിധ പദ്ധതികള്‍ വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖാന്തിരം നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബാലവേല ബാലഭിക്ഷാടനം തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശരണബാല്യം. പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച ഓപ്പറേഷന്‍ ശരണബാല്യം സംസ്ഥാനതല പദ്ധതിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളില്‍ കൂടി വ്യാപിച്ചിട്ടുണ്ട്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഒരു ജില്ലയില്‍ ആറ് റെസ്‌ക്യു ഓഫീസര്‍മാരെ വീതം നിയമിച്ച് കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ബാലഭിക്ഷാടനം, ബാലവേല തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച 46 കുട്ടികളെ മോചിപ്പിക്കുന്നതിന് സാധിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയുടെ പരിധിയില്‍ ചെങ്ങനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും കോട്ടയം ജില്ലയിലെ എരുമേലി, അഴുത ഭാഗങ്ങളിലും ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ബാലവേലയിലും ഭിക്ഷാടനത്തിലും കുട്ടികള്‍ ഏര്‍പ്പെടുന്നത് തടയുന്നതിനുള്ള നടപടികള്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകള്‍ മുഖാന്തിരം സ്വീകരിച്ചിരുന്നു.
ശരണബാല്യം പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനായി 19 പോലീസ് ജില്ലകളിലെയും ഡിസിആര്‍ബി ഡി.വൈ.എസ്.പി.മാര്‍, വനിതാ ഇന്‍സ്‌പെക്ടര്‍മാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍മാര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് വെല്‍ഫെിയര്‍ കമ്മറ്റി ചെയര്‍മാന്‍, മെമ്പര്‍മാര്‍ എന്നിവര്‍ക്കായി ദ്വിദിന ശില്‍പ്പിശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
കൊല്ലം ജില്ലയിലെ ഓച്ചിറ പരബ്രമ ക്ഷേത്രത്തിലെ പ്രധാന ഉത്സവ കാലയളവില്‍ ക്ഷേത്ര പരിസരത്തും പാതയോരങ്ങളിലുമായി തമിഴ്‌നാട്, ആന്ധ്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ ഭിക്ഷാടനത്തിനായി എത്തിയ്ക്കാറുണ്ട്. കൊല്ലം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നിരന്തരമായ ഇടപെടലുകളിലൂടെ ഓച്ചിറയെ ബാല ഭിക്ഷാടനമുക്ത പ്രദേശമാക്കി മാറ്റുന്നതിന് ഒരു പരിധിവരെ സാധിച്ചു. ഇതിലൂടെ നിരവധി കുട്ടികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും.
ശരണബാല്യം പദ്ധതി പ്രവര്‍ത്തനം പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സജീവമായപ്പോള്‍ സാമ്പത്തിക ലാഭത്തിനും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ എത്തിക്കുന്നവര്‍ മറ്റ് ജില്ലകളില്‍ കുട്ടികളെ എത്തിക്കുന്നതിനുള്ള സാധ്യതയുള്ള സാഹചര്യത്തില്‍ ബാലവേല ബാലഭിക്ഷാടനം എന്നിവയ്ക്ക് വിധേയരാകുന്ന കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നതിന് മറ്റ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകള്‍ക്കും നിര്‍ദ്ദേ ശം നല്‍കിയിട്ടുണ്ട്. ബാലവേല, ബാല ഭിക്ഷാടനം, തെരുവ് ബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യം നടപ്പാക്കുന്നതിന് സംസ്ഥാന വ്യാപകമായി ശരണബാല്യം പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിലൂടെ സംസ്ഥാനത്തെ പൂര്‍ണ്ണമായും ബാലവേല, ബാലഭിക്ഷാടന രഹിത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപരിപാടി ഉടന്‍ നടപ്പാക്കും.
എല്ലാത്തരം ഭിക്ഷാടന പ്രവര്‍ത്തനങ്ങളെയും രഹസ്യാന്വേഷണ വിഭാഗം, ഷാഡോ പോലീസ് തുടങ്ങിയ വിഭാഗങ്ങള്‍ പ്രത്യേകം നിരീക്ഷിച്ചുവരുന്നതും മൊബൈല്‍ പട്രോളിങ്ങ് സമയത്തും ബീറ്റ് സഞ്ചരിക്കുന്ന സമയത്തും ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രത്യേകം ശ്രദ്ധിക്കുവാനും റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍, ആരാധനാലയങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങി ആളുകള്‍ കൂട്ടമായെത്തുന്ന സ്ഥലങ്ങളിലും ഭിക്ഷാടകര്‍ കൂടുതലായെത്തുന്ന ബീച്ച് പോലുള്ള സ്ഥലങ്ങളിലും നിരീക്ഷണം നടത്തുവാനും കൂടെക്കൂടെ പരിശോധന നടത്തുവാനും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതുമാണ്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ സ്‌റ്റേഷനിലെ എല്ലാ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam